മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഇഡി നോട്ടീസ്

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിധി വിടുകയാണെങ്കില്‍ എല്ലാം സര്‍ക്കാര്‍ സഹിക്കുമെന്ന ധാരണ വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഓഫിസിലെ മറ്റൊരു പ്രമുഖനു കൂടി നോട്ടീസ് അയച്ചിരിക്കുന്നത്.

Update: 2020-11-04 15:17 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. സംസ്ഥാനത്തെ ഐടി പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ വെള്ളിയാഴ്ച കൊച്ചിയിലെ ഓഫിസിലെത്താനാണ് നിര്‍ദേശം. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയതെന്നാണു സൂചന. സ്വര്‍ണക്കടത്ത് കേസ് എന്‍ ഐഎ അന്വേഷിക്കുന്നതിനു പുറമെ ഇഡിയും കസ്റ്റംസും അന്വേഷിക്കുന്നുണ്ട്. ഇതില്‍ ഇഡിയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ഇതിനു പുറമെ, ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സിബി ഐയും അന്വേഷിക്കുന്നുണ്ട്. എന്നാല്‍, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിധി വിടുകയാണെങ്കില്‍ എല്ലാം സര്‍ക്കാര്‍ സഹിക്കുമെന്ന ധാരണ വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഓഫിസിലെ മറ്റൊരു പ്രമുഖനു കൂടി നോട്ടീസ് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുമായി ഏറ്റവും കൂടുതല്‍ അടുപ്പമുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിായയ സി എം രവീന്ദ്രനെതിരേ നേരത്തേ ചിലര്‍ ആക്ഷേപമുന്നയിച്ചിരുന്നു. ശിവശങ്കര്‍ വിനീതവിധേയന്‍ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ യജമാനന്‍ മറ്റൊരാളാണെന്നും വി എസ് അച്യുതാനന്ദന്റെ മുന്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും സിപിഎമ്മില്‍ നിന്ന് പുറത്താക്കുകയും ചെയ്ത കെ എം ഷാജഹാന്‍ ആരോപിച്ചിരുന്നു.

    പിണറായി വിജയന്റെ സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ വര്‍ഷങ്ങളായി നോക്കിനടത്തുന്നത് രവീന്ദ്രനാണെന്നും രവീന്ദ്രന്റെ ബിനാമിയുടെ പേരില്‍ പലയിടത്തും ഭൂമി വാങ്ങിയിട്ടുണ്ടെന്നും ഷാജഹാന്‍ ആരോപിച്ചിരുന്നു. ഇദ്ദേഹത്തിനെതിരേ തെളിവുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം പരിശോധിക്കണമെന്നും ഷാജഹാന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, സി എം രവീന്ദ്രനു കൂടി എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയതോടെ സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷവും പ്രത്യേകിച്ച് സിപിഎമ്മും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ പ്രതിരോധം ശക്തമാക്കുമെന്നാണു സൂചന. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐഎ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുകയും ചെയ്ത പിണറായി വിജയനും സര്‍ക്കാരും പിന്നീടങ്ങോട്ട് സര്‍ക്കാരിന്റെ പദ്ധതികളിലെല്ലാം ഇടപെടുന്നുവെന്ന ആരോപണമുന്നയിച്ചിരുന്നു. കാലാവധി പൂര്‍ത്തിയാവാറായ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളായി വിശേഷിപ്പിക്കുന്ന ലൈഫ് മിഷനു പുറമെ കെ-ഫോണ്‍, കൊച്ചി സ്മാര്‍ട് സിറ്റി, ടെക്‌നോപാര്‍ക്കിലെ ടോറസ് ടൗണ്‍ ടൗണ്‍, ഇ-മൊബിലിറ്റി പദ്ധതികളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. ഇതില്‍ 20 ലക്ഷം എപില്‍ വിഭാഗക്കാര്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന കെ-ഫോണ്‍ പദ്ധതി എന്തുവില കൊടുത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരം പദ്ധതികളിലൂടെ മികച്ച നേട്ടങ്ങളുണ്ടാക്കുന്ന സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ED Notice to the Additional Private Secretary to the Chief Minister




Tags:    

Similar News