ബഹുഭാര്യത്വം സ്ത്രീകളോടും കുട്ടികളോടുമുള്ള അനീതി: അല്‍ അസ്ഹര്‍ ഇമാം
പ്രതിവാര ടിവി പരിപാടിയിലും ട്വിറ്ററിലമാണ് ഇമാം ബഹുഭാര്യത്വത്തിനെതിരേ പരാമര്‍ശം നടത്തിയത്. ബഹുഭാര്യത്വം സ്ത്രീകളോടും കുട്ടികളോടുമുള്ള അനീതിയാണ്. ഖുര്‍ആനും പ്രവാചകചര്യയും മനസ്സിലാക്കാതെയാണ് ഈ ആചാരം പിന്തുടരുന്നത്.
കൈറോ: ബഹുഭാര്യത്വത്തിനെതിരേ ശ്രദ്ധേയമായ വിമര്‍ശനവുമായി ഈജിപ്തിലെ അല്‍-അസ്ഹര്‍ മസ്ജിദ് ഗ്രാന്റ് ഇമാം ശൈഖ് അഹമദ് അല്‍ ത്വയ്യിബ്. അദ്ദേഹത്തിന്റെ പ്രതിവാര ടിവി പരിപാടിയിലും ട്വിറ്ററിലമാണ് ഇമാം ബഹുഭാര്യത്വത്തിനെതിരേ പരാമര്‍ശം നടത്തിയത്. ബഹുഭാര്യത്വം സ്ത്രീകളോടും കുട്ടികളോടുമുള്ള അനീതിയാണ്. ഖുര്‍ആനും പ്രവാചകചര്യയും മനസ്സിലാക്കാതെയാണ് ഈ ആചാരം പിന്തുടരുന്നത്. സമൂഹത്തിന്റെ പാതി സ്ത്രീകളാണ്. ബഹുഭാര്യത്വം അനുവദിക്കാന്‍ പല നിബന്ധനകളും ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നുണ്ട്. അവ പാലിക്കാത്തപക്ഷം ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യല്‍ ഖുര്‍ആന്‍ വിലക്കിയതുമാണ്.
ഇമാമിന്റെ പ്രസ്താവനയെ ഈജിപ്തിലെ സ്ത്രീസംഘടനകള്‍ സ്വാഗതം ചെയ്തു. ഇസ് ലാം സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ആദരവും അവകാശങ്ങളും നല്‍കിയ മതമാണെന്ന് ഈജിപ്തിലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ കൗണ്‍സില്‍ പ്രതികരിച്ചു. ഇമാമിന്റെ പരാമര്‍ശം വലിയ ചര്‍ച്ചയായതോടെ ബഹുഭാര്യത്വം നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് അല്‍-അസ്ഹര്‍ അധികൃതര്‍ അറിയിച്ചു.