ഹിന്ദുയുവതിയെ പ്രണയിച്ചതിന് മുസ്‌ലിം യുവാവിനെ തലയറുത്ത് കൊന്ന സംഭവം: കര്‍ണാടകയില്‍ എട്ടു പേര്‍ അറസ്റ്റില്‍

കഴിഞ്ഞ മാസം 28ന് ബെളഗാവി ജില്ലയിലെ ഖാനാപുരിലെ റെയില്‍വേ ട്രാക്കിലാണ് തലയറുക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Update: 2021-10-04 16:57 GMT

ബെംഗളൂരു: ഹിന്ദു യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ കര്‍ണാടകയില്‍ 24കാരനായ മുസ്‌ലിം യുവാവിനെ തലയറുത്ത് കൊന്ന് മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ എട്ടു പേര്‍ അറസ്റ്റില്‍. അര്‍ബാസ് അഫ്താബ് മുല്ല എന്ന യുവാവാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 28ന് ബെളഗാവി ജില്ലയിലെ ഖാനാപുരിലെ റെയില്‍വേ ട്രാക്കിലാണ് തലയറുക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ച് നാല് ദിവസത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല നടക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ഹിന്ദു യുവതിയുമായുള്ള പ്രണയത്തിന്റെ പേരില്‍ ശ്രീരാംസേന പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പണം ആവശ്യപ്പെട്ടതായും അര്‍ബാസിന്റെ മാതാവ് നസീം ശൈഖ് വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് കണ്ണടയില്‍ 'ശ്രീരാമസേന ഹിന്ദുസ്ഥാന്‍' എന്നെഴുതിയ ആംബുലന്‍സും പോലീസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. അര്‍ബാസിന്റെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ച ബെലഗാവി പോലിസ്, കൊലപാതകം നടന്ന ദിവസം ശ്രീരാമസേനയിലെ ഒരു നേതാവില്‍ നിന്ന് യുവാവിന് കോള്‍ വന്നതായി വെളിപ്പെടുത്തിയിരുന്നു.

സംഭവത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാംസേന പ്രവര്‍ത്തകരായ പുന്ദലിക് മഹാരാജ്, ബിര്‍ജെ എന്നിവര്‍ക്കും പെണ്‍കുട്ടിയുടെ പിതാവിനുമെതിരേ പോലിസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി രാം സേന അംഗങ്ങളില്‍ നിന്ന് അര്‍ബാസിന് ഭീഷണി കോളുകള്‍ വരുന്നുണ്ടെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. ബെളഗാവിയിലെ ഖാനാപുരില്‍ താമസിക്കുന്ന സര്‍ബാസ് കാര്‍ ഡീലറാണ്. വീടിനു സമീപത്തുള്ള ഹിന്ദു പെണ്‍കുട്ടിയുമായി മൂന്നു വര്‍ഷം മുമ്പാണ് ഇദ്ദേഹം പ്രണയത്തിലാകുന്നത്. ഇരു കുടുംബങ്ങളും പ്രണയത്തെ എതിര്‍ത്തെങ്കിലും ഇരുവരും ഉറച്ചുനിന്നു. ഭീഷണി ഭയന്ന് ഖാനാപുരില്‍നിന്ന് ബെളഗാവിയിലെ അസംനഗറിലേക്ക് അര്‍ബാസും കുടുംബവും താമസം മാറിയിരുന്നു.

പെണ്‍കുട്ടിയുടെ പിതാവും പുന്ദലിക് മഹാരാജും ബിര്‍ജെയും ഉള്‍പ്പെട്ട സംഘം വധഭീഷണി മുഴക്കിയിരുന്നുവെന്നും ഇവരാണ് കൊലക്കു പിന്നിലെന്നുമായിരുന്നു മാതാവ് പരാതിയില്‍ ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ മാസം 28നാണ് അര്‍ബാസിെന്റ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്.

Tags:    

Similar News