എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: എന്‍ ഐഎയ്ക്ക് മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവ് തൂങ്ങിമരിച്ച നിലയില്‍
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ ഐഎയ്ക്ക് മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ഷാഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖിനെയാണ് കൊച്ചിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മകന്‍ മോനിസ് ഇന്നലെ കേസന്വേഷിക്കുന്ന എന്‍ ഐഎ സംഘത്തിനു മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇരുവരും താമസിച്ചിരുന്നു ഹോട്ടലിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി ഒമ്പതിന് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് എലത്തൂര്‍ സ്‌റ്റേഷനു സമീപമെത്തിയപ്പോള്‍ തീവയ്പുണ്ടായത്. ഡി വണ്‍ കംപാര്‍ട്ട്‌മെന്റിലെത്തിയ പ്രതി യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. സമീപത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരെ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഷാഹീന്‍ ബാഗ് സ്വദേശി ഷാറൂഖ് സൈഫിയെയാണ് മഹാരാഷ്ട്രയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് അന്വേഷണ ഭാഗമായി ഷാഹീന്‍ ബാഗ് സ്വദേശികളെ കൊച്ചിയിലേക്കെത്തിച്ച് മൊഴിയെടുക്കുന്നത്. ഇതിനിടെയാണ് മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനിടെ, കേസിലെ പ്രതിയുടെ കൊണ്ടുവരുന്നതു സംബന്ധിച്ച വിവരങ്ങളെല്ലാം ചോര്‍ത്തിയെന്നും സുരക്ഷയില്‍ വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാട്ടി മുന്‍ എടിഎസ് തലവനും ഐജിയുമായ പി വിജയനെയും ഗ്രേഡ് എസ്‌ഐ മനോജ് കുമാറിനെയും ഇന്നലെ സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഡിജിപിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷാ വീഴ്ചയില്‍ തുടരന്വേഷണത്തിന് പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി പി പത്മകുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.