സൈനികരുടെ പേരില്‍ വോട്ടുചോദിച്ചെന്ന പരാതി; മോദിയ്ക്ക് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സേനയുടെ നടപടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മാര്‍ച്ച് 19ന് കമ്മീഷന്‍ രാഷ്ടീയപ്പാര്‍ട്ടികളോട് നിര്‍ദേശിച്ചിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഏപ്രില്‍ ഒമ്പതിലെ റാലിയിലായിരുന്നു മോദിയുടെ വിവാദപ്രസംഗം.

Update: 2019-05-01 17:54 GMT

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ വോട്ടുചോദിച്ചെന്ന പരാതിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സേനയുടെ നടപടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മാര്‍ച്ച് 19ന് കമ്മീഷന്‍ രാഷ്ടീയപ്പാര്‍ട്ടികളോട് നിര്‍ദേശിച്ചിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഏപ്രില്‍ ഒമ്പതിലെ റാലിയിലായിരുന്നു മോദിയുടെ വിവാദപ്രസംഗം. കന്നി വോട്ടര്‍മാര്‍ പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കും ബാലാകോട്ട് മിന്നലാക്രമണം നടത്തിയവര്‍ക്കും വേണ്ടി വോട്ടുചെയ്യണമെന്നാണ് മോദി പ്രസംഗത്തില്‍ ആവശ്യപ്പെട്ടത്. വിവാദപ്രസംഗം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മഹാരാഷ്ട്രയിലെ ചീഫ് ഇലക്ടറര്‍ ഓഫിസറോട് വിശദമായ റിപോര്‍ട്ട് തേടിയിരുന്നു.

11 പേജുള്ള പ്രസംഗത്തിന്റെ പകര്‍പ്പ് വിശദമായി പരിശോധിച്ചു. വിദഗ്ധ ഉപദേശങ്ങളും തേടി. എന്നാല്‍, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമൊന്നും കണ്ടെത്താനായില്ല. അതുകൊണ്ട് ഇതുസംബന്ധിച്ച് ലഭിച്ച പരാതികളെല്ലാം തള്ളുകയാണെന്നും കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍ ഒന്നിന് വര്‍ധയില്‍ നടത്തിയ വര്‍ഗീയപ്രസംഗത്തിന്റെ പേരില്‍ ലഭിച്ച പരാതിയിലും മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. വര്‍ഗീയപരാമര്‍ശം നടത്തിയെന്ന കോണ്‍ഗ്രസിന്റെ പരാതി കമ്മീഷന്‍ തള്ളുകയും ചെയ്തു. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍നിന്ന് ന്യൂനപക്ഷ മേഖലയിലേക്ക് രാഹുല്‍ ഒളിച്ചോടിയെന്നായിരുന്നു വയനാട് സ്ഥാനാര്‍ഥിത്വത്തിന്റെ പശ്ചാത്തലത്തില്‍ മോദി വിമര്‍ശിച്ചത്.  

Tags:    

Similar News