സൈന്യത്തെ മോദിയുടെ സേനയെന്നു വിശേഷിപ്പിച്ച ആദിത്യനാഥിനു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ്

കോണ്‍ഗ്രസ് സര്‍കാര്‍ ഭീകരവാദികള്‍ക്കു ബിരിയാണി നല്‍കുമ്പോള്‍ മോദിയുടെ സേന ഭീകരവാദികള്‍ക്കു ബുള്ളറ്റു കൊണ്ടും ബോംബു കൊണ്ടുമാണ് മറുപടി നല്‍കുന്നതെന്നായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന

Update: 2019-04-04 02:30 GMT

ലഖ്‌നോ: ഇന്ത്യന്‍ സൈന്യത്തെ മോദിയുടെ സേനയെന്നു വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യാനാഥിനു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസ്. ഏപ്രില്‍ അഞ്ചിനകം വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നു കമ്മീഷന്‍ ആദിത്യനാഥിനോടു ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയോടു വിശദീകരണം ആവശ്യപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് ശെയ്ഫാലി ഷരണ്‍ ആണ് വ്യക്തമാക്കിയത്. ഗാസിയാബാദില്‍ നടന്ന പരിപാടിയിലാണ് ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് സര്‍കാര്‍ ഭീകരവാദികള്‍ക്കു ബിരിയാണി നല്‍കുമ്പോള്‍ മോദിയുടെ സേന ഭീകരവാദികള്‍ക്കു ബുള്ളറ്റു കൊണ്ടും ബോംബു കൊണ്ടുമാണ് മറുപടി നല്‍കുന്നതെന്നായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന. യോഗിയുടെ പ്രസ്താവനക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നു നാവികസേനാ മുന്‍ മേധാവി അഡ്മിറല്‍ എല്‍ രാംദാസ് വ്യക്തമാക്കിയിരുന്നു. അതേ ദിവസം തന്നെയാണ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സായുധ സേന ഏതെങ്കിലും വ്യക്തിയുടേതല്ല. അവര്‍ രാജ്യസേവനത്തിനു നിലകൊള്ളുന്നവരാണെന്നും അഡ്മിറല്‍ എല്‍ രാംദാസ് പറഞ്ഞിരുന്നു. മമതാ ബാനര്‍ജി, അശോക് ഗെഹ്‌ലോട്ട്, ഡി രാജ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും നിരവധി സൈനികരും ആദിത്യനാഥിനെതിരേ രംഗത്തെത്തിയിരുന്നു. സൈന്യത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളോ പടങ്ങളോ തിരഞ്ഞെടുപ്പ് പ്രചരണത്തിനു ഉപയോഗിക്കരുതെന്നു കഴിഞ്ഞ മാസം ഒമ്പതിനു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

Tags:    

Similar News