ഇലക്ടറല്‍ ബോണ്ട്: മോദിയുടെ അവകാശവാദം പൊള്ളയെന്ന് തെളിഞ്ഞു-പി അബ്ദുല്‍ മജീദ് ഫൈസി

Update: 2024-02-15 15:27 GMT
കണ്ണൂര്‍: ഭരണ സുതാര്യത എന്ന മോദിയുടെ അവകാശ വാദം പൊള്ളയായിയിരുന്നുവെന്ന് ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ സുപ്രിംകോടതി വിധിയിലൂടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. 'രാജ്യത്തിന്റെ വീണ്ടെടുപ്പിന്' എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ രണ്ടാം ദിവസമായ വ്യാഴാഴ്ച കണ്ണൂര്‍ ജില്ലയില്‍ നടന്ന സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടായിരം രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കുന്നവരുടെ പേര് വിവരം സമര്‍പ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമത്തെ അട്ടിമറിക്കുന്നതോടൊപ്പം നികുതിവെട്ടിപ്പിലൂടെ കോര്‍പറേറ്റുകളെ സഹായിക്കാനും കള്ളപ്പണം വെളുപ്പിക്കുവനുമാണ് ദാതാവിനെ വെളിപ്പെടുത്തേണ്ടതില്ലാത്ത സംവിധാനം ബിജെപി കൊണ്ടുവന്നത്. വിദേശ കമ്പനികളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പണം സ്വീകരിക്കാന്‍ പാടില്ലെന്ന നിയമത്തിന്റെ പരിധിയില്‍ നിന്ന് ഇലക്ടറല്‍ ബോണ്ടുകളെ ഒഴിവാക്കി. പ്രവര്‍ത്തനം നിലച്ചുപോയ കമ്പനികളില്‍ നിന്ന് പോലും ഫണ്ട് സ്വീകരിക്കാന്‍ പറ്റുന്ന വിധമാണ് ബോണ്ട് സംവിധാനം നിയമമാക്കിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇലക്ടറല്‍ ബോണ്ട് നടപ്പാക്കിയത്. ആദ്യ വര്‍ഷം തന്നെ 5071 കോടിയുടെ ബോണ്ടുകള്‍ വിറ്റഴിച്ചെന്നതും അതിന്റെ 70 ശതമാനവും കിട്ടിയത് ബിജെപിക്കാണെന്നതും ചേര്‍ത്ത് വായിച്ചാല്‍ കാര്യം വ്യക്തമാകും. പാര്‍ട്ടി അക്കൗണ്ടില്‍ പണം എത്തിക്കാനുള്ള വളഞ്ഞ വഴിയാണെന്ന് പകല്‍ പോലെ വ്യക്തമായത് കൊണ്ടാണ് സുപ്രിം കോടതിയില്‍ നിന്ന് ബിജെപി സര്‍ക്കാരിന് ശക്തമായ തിരിച്ചടി ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കപട അവകാശവാദങ്ങളൂടെയും നുണക്കഥകളുടെയും പുകമറയില്‍ കെട്ടിപ്പൊക്കിയതാണ് മോദി ഭരണം. പൗരസമൂഹം ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ് മതവും വിശ്വാസവും വിദ്വേഷവും ചര്‍ച്ചയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞു. വൈസ് ക്യാപ്റ്റന്‍ തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ മൗലവി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സമീറാ ഫിറോസ് സംസാരിച്ചു. സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിച്ചു. ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച യാത്ര ഉണ്ടായിരിക്കുന്നതല്ല. ശനിയാഴ്ച വൈകീട്ട് മൂന്നിന് വയനാട് തരുവണയില്‍ നിന്നാരംഭിച്ച് മേപ്പാടിയില്‍ സമാപിക്കും.

Tags:    

Similar News