തൃശൂര്‍: വെളളികുളങ്ങര വനമേഖലയിലെ വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ ആരായുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം നവംബര്‍ അഞ്ചിന് വിളിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
പ്രസ്തുത യോഗത്തിന് ശേഷം സര്‍ക്കാരിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി പറഞ്ഞു. വെളളികുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസും കാട്ടാന ആക്രമണം നടന്ന സ്ഥലങ്ങളും സന്ദര്‍ശിച്ച ശേഷമാണ് തീരുമാനം. പ്രദേശത്ത് കാട്ടാന ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
കാട്ടാന ശല്യം യാഥാര്‍ത്ഥ്യമാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മീഷനെ അറിയിച്ചു. രാത്രിയും പകലും വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി കൃഷി നശിപ്പിക്കുകയാണെന്ന് നാട്ടുകാര്‍ കമ്മീഷനെ അറിയിച്ചു. ആനക്കൂട്ടം, പന്നിക്കൂട്ടം, മാന്‍ കൂട്ടം, മയില്‍, മലയണ്ണാന്‍, കുരങ്ങ്, ചെന്നായ്ക്കള്‍ തുടങ്ങി വിവിധയിനം മൃഗങ്ങളുടെ ആക്രമണം ഇഞ്ചക്കുണ്ട് പ്രദേശത്തുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടു. വനം വകുപ്പുദ്യോഗസ്ഥര്‍ പ്രദേശവാസികള്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെന്നും പരാതിയുണ്ട്. കൃഷി മുഖ്യ ഉപജീവന മാര്‍ഗ്ഗമാണെങ്കിലും വന്യമൃഗ ശല്യം കാരണം വന്‍ നഷ്ടമാണ് സംഭവിക്കുന്നത്. തെങ്ങ്, കവുങ്ങ്, വാഴ, റബര്‍, പച്ചക്കറി തുടങ്ങിയവ നിരന്തരം നശിപ്പിക്കപ്പെടുന്നു.
വനം, പോലിസ് ഉദ്യോഗസ്ഥരോടൊപ്പം കമ്മീഷന്‍ നാശ നഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പല സ്ഥലങ്ങളിലും കാട്ടാന ഫെന്‍സിംഗ് നശിപ്പിച്ചു. കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ച സ്ഥലങ്ങള്‍ കമ്മീഷന്‍ സന്ദര്‍ശിച്ചു. മറ്റത്തൂര്‍ പഞ്ചായത്തില്‍ ചേര്‍ന്ന ജനജാഗ്രത സമിതിയിലും കമ്മീഷന്‍ അംഗം പങ്കെടുത്തു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
ഹാരിസണ്‍ പ്ലാന്റേഷനില്‍ ആന ചവിട്ടി കൊന്ന തൊഴിലാളിക്ക് നല്‍കേണ്ട സഹായം ഉടന്‍ നല്‍കുമെന്ന് പ്ലാന്റേഷന്‍ അധികൃതര്‍ കമ്മീഷനെ അറിയിച്ചു. പ്രദേശത്ത് വൈദ്യുതി വിളക്കുകള്‍ കത്തുന്നില്ല. വനം ഉദ്യോഗസ്ഥര്‍ക്ക് വാഹനങ്ങളും ടോര്‍ച്ചും മറ്റ് ആധുനിക സംവിധാനങ്ങളും ലഭ്യമല്ലെന്നും ജാഗ്രതാ സമിതി കമ്മീഷനെ അറിയിച്ചു.