വാളയാറില്‍ ട്രെയിനിടിച്ചു കാട്ടാനകള്‍ ചരിഞ്ഞ സംഭവം: തമിഴ്‌നാട് വനം വകുപ്പും റെയില്‍വേയും തമ്മില്‍ തര്‍ക്കം
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ലോക്കോ പൈലറ്റുമാരെ തമിഴ്‌നാട് വനം വകുപ്പ് തടഞ്ഞു വച്ചു. ഇതിന് പിന്നാലെ വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ആര്‍പിഎഫും തടഞ്ഞു വച്ചു.
പാലക്കാട്: വാളയാറില്‍ ട്രെയിനിടിച്ചു കാട്ടാനകള്‍ ചരിഞ്ഞ സംഭവത്തില്‍ തമിഴ്‌നാട് വനം വകുപ്പും റെയില്‍വേയും തമ്മില്‍ തര്‍ക്കം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ലോക്കോ പൈലറ്റുമാരെ തമിഴ്‌നാട് വനം വകുപ്പ് തടഞ്ഞു വച്ചു. ഇതിന് പിന്നാലെ വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ആര്‍പിഎഫും തടഞ്ഞു വച്ചു.
തമിഴ്‌നാട് വനം വകുപ്പ് അനധികൃതമായി പരിശോധന നടത്തിയെന്നാണ് റെയില്‍വേ ആരോപിക്കുന്നത്. ട്രെയിനിന്റെ ചിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കലാക്കി എന്നാരോപിച്ചാണ് ഇവരെ തടഞ്ഞു വച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ നാല് വനപാലകരെയാണ് ഒലവക്കോട് തടഞ്ഞുവച്ചത്.
വാളയാറിലുണ്ടായ ട്രെയിനിന്റെ എന്‍ജിനില്‍ നിന്നാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ചിപ്പ് കൈക്കലാക്കിയത്. തുടര്‍ന്ന് ട്രെയിനിന്റെ വേഗം അറിയാന്‍ ചിപ്പ് പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ഒലവക്കോടേക്കു വന്നു. റെയില്‍വേ ഉദ്യാഗസ്ഥരോട് ആവശ്യമുന്നയിച്ചപ്പോഴാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ കയറിയ കാര്യം പുറത്തറിയുന്നത്. ചിപ്പ് കൈമാറാന്‍ വനപാലകര്‍ തയാറായിട്ടില്ല.
കോയമ്പത്തൂരിനടുത്തുള്ള നവക്കരയില്‍ വച്ചാണ് മൂന്ന് കാട്ടാനകളെ ട്രെയിന്‍ ഇടിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. ലോക്കോ പൈലറ്റിന്റെ അമിത വേഗമാണ് അപകടത്തിനു കാരണമായതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ലോക്കോ പൈലറ്റിനെയും സഹപൈലറ്റിനെയും ചോദ്യം ചെയ്തു വിട്ടയച്ചു. കാട്ടാനകള്‍ പാളം മുറിച്ചുകടക്കുമ്പോള്‍ ആയിരുന്നു അപകടം.