ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപമുള്ള രണ്ട് പടക്ക നിര്‍മാണ ശാലകളില്‍ സ്‌ഫോടനം. 11 പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. വിരുദുനഗര്‍ ജില്ലയിലെ രംഗപാളയം, കിച്ചനായകന്‍പട്ടി ഗ്രാമങ്ങളിലെ പടക്ക നിര്‍മാണ യൂനിറ്റുകളിലാണ് സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടായത്. ആദ്യ സ്‌ഫോടനത്തില്‍ ഒരാളും രണ്ടാമത്തേതില്‍ 10 പേരുമാണ് മരിച്ചത്. അഗ്‌നിരക്ഷാസേന തീയണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും തൊഴിലാളികളാവാമെന്നും ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. കിച്ചനായകന്‍പട്ടി ഗ്രാമത്തിലെ പടക്ക നിര്‍മാണ യൂനിറ്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചത് വെമ്പു (35) എന്നയാളാണെന്ന് തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു. രക്ഷപ്പെടുത്തിയ രണ്ട് സ്ത്രീ തൊഴിലാളികളെ ചികില്‍സയ്ക്കായി ശ്രീവില്ലിപുത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.