ശ്രീലങ്കന്‍ സ്‌ഫോടനത്തിലെ 'ഇസ്രായേല്‍ സാന്നിധ്യം' കൊച്ചിയിലും; റെയ്ഡ് വിവരം ചോര്‍ന്നതോടെ ഡിജെ 'സജങ്ക' മുങ്ങി, അടിമുടി ദുരൂഹത
നാലിടങ്ങളിലാണ് ഒരേ സമയം റെയ്ഡിനു പദ്ധതിയിട്ടത്. ഈ വിവരം 'സജങ്കയ്ക്കു' മാത്രം ചോര്‍ന്നു കിട്ടുകയും രക്ഷപ്പെടുകയും ചെയ്തതിലും ദുരൂഹത നിലനില്‍ക്കുകയാണ്.
കൊച്ചി: ഈ മാസം 11ന് രാത്രി എക്‌സൈസ് റെയ്ഡില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 100ഓളം പേര്‍ പിടിയിലായ ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യഹോട്ടലിലെ മയക്കുമരുന്നു പാര്‍ട്ടിക്ക് പിന്നില്‍ അടിമുടി ദുരൂഹതയുള്ള ഇസ്രായേല്‍ സംഘമെന്ന് റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയിലെ ചര്‍ച്ചുകളിലും ആഢംഭര ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ ഈ സംഘത്തിന്റെ സാന്നിധ്യം അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. റെയ്ഡ് വിവരം ചോര്‍ന്നതോടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിച്ച ഡിജെ പാര്‍ട്ടി ഉപേക്ഷിച്ച് ഡിജെ 'സജങ്ക' രാജ്യം വിട്ടിരുന്നു. ഡിജെ 'സജങ്ക' വ്യക്തിയാണോ അതോ സംഘമാണോ എന്നുള്ളതില്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും തീര്‍പ്പ് കല്‍പ്പിക്കാനിയിട്ടില്ല.
ഫോര്‍ട്ട് കൊച്ചിയിലെ പരിപാടി ഉപേക്ഷിച്ചതിനു പിന്നാലെ ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ ഉള്‍പ്പെടെ മറ്റു നഗരങ്ങളില്‍ നടത്താനിരുന്ന ഡിജെ പാര്‍ട്ടികളും ഉപേക്ഷിച്ചാണു ഡിജെ 'സജങ്ക' നാടു കടന്നത്. ശ്രീലങ്കയില്‍ 2019 ഇസ്റ്റര്‍ ദിനത്തില്‍ നടന്ന സായുധാക്രമണത്തിന് രണ്ടു വയസ്സു തികയുന്ന വേളയില്‍ത്തന്നെ 'സജങ്ക' ഇന്ത്യയിലെത്തിയതും കടുത്ത ആശങ്കയുളവാക്കുന്നതാണ്.
നിയമസഭാ തിരഞ്ഞെടുപ്പിനിടയില്‍ കേരളം അടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു വിദേശത്തുനിന്നു രാസലഹരിമരുന്നുകള്‍ വന്‍തോതില്‍ എത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണു കസ്റ്റംസ് പ്രിവന്റിവ്, എക്‌സൈസ്, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നിവര്‍ സംയുക്തമായി ഹോട്ടലുകളില്‍ റെയ്ഡുകള്‍ക്കു പദ്ധതിയിട്ടത്. നാലിടങ്ങളിലാണ് ഒരേ സമയം റെയ്ഡിനു പദ്ധതിയിട്ടത്. ഈ വിവരം 'സജങ്കയ്ക്കു' മാത്രം ചോര്‍ന്നു കിട്ടുകയും രക്ഷപ്പെടുകയും ചെയ്തതിലും ദുരൂഹത നിലനില്‍ക്കുകയാണ്.
ഇന്ത്യയുമായി രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്ന രാജ്യമാണ് ഇസ്രയേല്‍. ഇരുരാജ്യങ്ങളുടെയും ചാരസംഘടനകളായ റോയും മൊസാദും തമ്മില്‍ അടുത്ത ബന്ധമുണ്ട്. 2019ല്‍ ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്‌ഫോടന പരമ്പരയുടെ മുന്നറിയിപ്പ് ഇസ്രയേല്‍ ഇന്ത്യയ്ക്കു കൈമാറിയിരുന്നു. ഇക്കാര്യം ശ്രീലങ്കന്‍ സര്‍ക്കാരിനെ ഇന്ത്യ അറിയിച്ചിട്ടും ആക്രമണം തടയാന്‍ കഴിയാതിരുന്നതു ശ്രീലങ്കയില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്തു.
2019 ഏപ്രില്‍ 21നു തലസ്ഥാന നഗരമായ കൊളംബോയിലെ 3 പള്ളികളും 3 ആഡംബര ഹോട്ടലുകളും അടക്കം 8 ഇടങ്ങളിലാണു സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന ആഡംബര ഹോട്ടലുകളില്‍ ഡിജെ സജങ്ക എന്ന ദുരൂഹ സംഘം ഡിജെ പാര്‍ട്ടിക്ക് പദ്ധതിയിട്ടിരുന്നു. സ്‌ഫോടന സ്ഥലത്ത് ഈ ഡിജെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരുടെ മൊബൈല്‍ ഫോണ്‍ സാന്നിധ്യം ഉണ്ടായിരുന്നതായും സ്‌ഫോടനം നടന്ന ഈസ്റ്റര്‍ ഞായറാഴ്ചയ്ക്കു ശേഷം ഈ ഫോണുകളെല്ലാം നിര്‍ജീവമായിരുന്നുവെന്നും റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇക്കാര്യം അന്വേഷണ വിധേയമാക്കാതെ ശ്രീലങ്കന്‍ ഭരണകൂടം സ്‌ഫോടന ഉത്തരവാദിത്തം മുസ്‌ലിംകളുടെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നു. നാഷനല്‍ തൗഹീദ് ജമാഅത്തും അതിന്റെ സ്ഥാപകന്‍ സഹ്‌റാന്‍ ഹാശിമുമാണ് ഉത്തരവാദികള്‍ എന്ന് ആരോപിച്ചായിരുന്നു തുടക്കംമുതലെ അന്വേഷണ സംഘത്തിന്റെ ഇടപെടല്‍. സഹ്‌റാന്‍ ഹാശിം ഹോട്ടലില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു എന്ന് പോലിസ് പിന്നീട് അവകാശപ്പെട്ടു.
സ്‌ഫോടനത്തിനു പിന്നാലെ ഇവിടെ മുസ് ലിംകള്‍ക്കെതിരേ വന്‍ തോതില്‍ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. സര്‍ക്കാരും പോലിസും യാതൊരു തെളിവുമില്ലാതെ തന്നെ ഭീകരപ്രവര്‍ത്തനം തടയല്‍ നിയമം ചുമത്തി നിരവധി പേരെ ജയിലിലടച്ചു. ഏറ്റവും മികച്ച സംരഭകനുളള രാജ്യത്തെ പരമോന്നത ബഹുമതി നേടിയ വ്യവസായി വൈ എം ഇബ്രാഹിമിനെ ഈ കേസില്‍ കുറ്റം ചുമത്തുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വെടിവെച്ചുകൊല്ലുകയും ചെയ്തിരുന്നു. എന്നാല്‍, മൂന്നു മാസങ്ങള്‍ക്ക് ശേഷം ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, സ്‌ഫോടനങ്ങള്‍ നടത്തിയത് മയക്കുമരുന്ന് മാഫിയയാണ് എന്ന് വെളിപ്പെടുത്തി. എന്നിട്ടും മുസ്‌ലിംകളെ വേട്ടയാടുകയായിരുന്നു അന്വേഷണ സംഘം.
സ്‌ഫോടനം നടക്കാന്‍ പോകുന്ന വിവരം ഇസ്രായേലിന് അറിയാമായിരുന്നു. ഇക്കാര്യം ഇസ്രായേലും മോദി ഭരണകൂടവും ചര്‍ച്ച ചെയ്യുകയും മോദി സര്‍ക്കാര്‍ ഇക്കാര്യം ശ്രീലങ്കയ്ക്കു കൈമാറുകയും ചെയ്തിരുന്നുവെന്ന് പിന്നീട് പുറത്തുവന്നിരുന്നു. എന്നാല്‍, സ്‌ഫോടനം തടയുന്നതിന് യാതൊരു നടപടിയും ശ്രീലങ്കന്‍ ഭരണകൂടം കൈകൊണ്ടില്ലെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
സ്‌ഫോടനത്തിന്റെ മറവില്‍ തമിഴ്‌നാട്ടിലും കേരളത്തിലും എന്‍ഐഎ റെയ്ഡുകള്‍ നടത്തിയിരുന്നു. എന്നാല്‍, സംശയ നിഴലിലുളള ഇസ്രായേല്‍ ഡിജെ ഗ്രൂപ്പിന് ഇന്ത്യയില്‍ പരിപാടി നടത്താന്‍ യഥേഷ്ടം അനുമതി നല്‍കുകയാണ് ഭരണകൂടം ചെയ്തിട്ടുള്ളത്.