ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സിഇഒ സ്ഥാനമൊഴിയുന്നു

Update: 2022-12-21 04:49 GMT

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം ഒഴിയാമെന്ന് ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരിഹാസരൂപേണയാണ് അദ്ദേഹം രാജിക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. സിഇഒ സ്ഥാനമേറ്റെടുക്കാന്‍ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാലുടന്‍ താന്‍ സ്ഥാനം രാജിവയ്ക്കും. ശേഷം സോഫ്റ്റ് വെയര്‍, സെര്‍വറുകളുടെ മാത്രം ചുമതല ഏറ്റെടുക്കും എന്നാണദ്ദേഹം കുറിച്ചത്.

കഴിഞ്ഞ ദിവസം താന്‍ ട്വിറ്റര്‍ മേധാവി സ്ഥാനത്ത് തുടരണമൊ എന്ന് ചോദിച്ച് അഭിപ്രായ സര്‍വേ നടത്തിയ ഇലോണ്‍ മസ്‌കിന് കണക്കുകൂട്ടല്‍ തെറ്റി. അഭിപ്രായ വോട്ടെടുപ്പില്‍ ഭൂരിഭാഗം പേരും മസ്‌ക് മാറണമെന്നാണ് ആവശ്യപ്പെട്ടത്. ആകെ ഒരു കോടി 75 ലക്ഷം പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 57.5 ശതമാനം പേര്‍ ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കിനെതിരായി വോട്ട് ചെയ്തു. 43 ശതമാനം പേര്‍ മാത്രമാണ് മസ്‌കിനെ പിന്തുണച്ചത്. ട്വിറ്ററില്‍ സ്വന്തം പ്രൊഫൈലിലാണ് മസ്‌ക് പോള്‍ പങ്കുവച്ചത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുന്ന മറ്റാരെയെങ്കിലും പദവി ഏല്‍പ്പിക്കണമെന്നായിരുന്നു ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് പകരക്കാരനെ കണ്ടെത്തിയാല്‍ സിഇഒ സ്ഥാനം രാജിവയ്ക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഉപഭോക്താക്കളുടെ പിന്തുണയില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ട്വിറ്റര്‍ മേധാവിയായി എത്തിയതിന് ശേഷം വലിയ വിമര്‍ശനമാണ് മസ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ നേരിടുന്നത്. മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ട് നീക്കം ചെയ്തതും ബ്ലൂ ടിക്കിന് നിരക്ക് ഈടാക്കാനുള്ള തീരുമാനവും വിമര്‍ശനമേറ്റുവാങ്ങിയിരുന്നു.

Tags:    

Similar News