ട്വിറ്ററിന്റെ ഡല്‍ഹി, മുംബൈ ഓഫിസുകള്‍ പൂട്ടി

Update: 2023-02-17 08:59 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ ട്വിറ്ററിന്റെ മൂന്ന് ഓഫിസുകളില്‍ രണ്ടെണ്ണം പൂട്ടി. ഡല്‍ഹി, മുംബൈ ഓഫിസുകളാണ് പൂട്ടിയത്. വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചെലവുകുറയ്ക്കാനുള്ള ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കിന്റെ നയത്തിന്റെ ഭാഗമാണ് നടപടിയെന്നാണ് സൂചന. എന്നാല്‍, ബംഗളൂരുവിലെ ഓഫിസ് പ്രവര്‍ത്തനം തുടരുന്നുണ്ട്. ഇന്ത്യയിലെ 90 ശതമാനം ജീവനക്കാരെയും നേരത്തെ പിരിച്ചുവിട്ടിരുന്നു. ട്വിറ്ററിന്റെ വരുമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചതിന് പിന്നാലെയാണ് ലോകവ്യാപകമായി ജീവനക്കാരെ പിരിച്ചുവിട്ടത്. ഇന്ത്യയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 200ലധികം ജീവനക്കാരെ പിരിച്ചുവിട്ടെന്നാണ് റിപോര്‍ട്ടുകള്‍.

ഇന്ത്യയിലെ മാത്രമല്ല, വിവിധ രാജ്യങ്ങളിലെ ജീവനക്കാരെ ഇലോണ്‍ മസ്‌ക് പിരിച്ചുവിടുകയും ഓഫിസുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. മസ്‌ക് ജീവനക്കാരെ പിരിച്ചുവിട്ടത് മുതല്‍, പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താനും ഉള്ളടക്കം നിയന്ത്രിക്കാനും ട്വിറ്റര്‍ ബുദ്ധിമുട്ടുകയാണ്. സുസ്ഥിരമാക്കാനും അതിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ഈ വര്‍ഷാവസാനം വരെ തനിക്ക് വേണ്ടിവരുമെന്ന് മസ്‌ക് അടുത്തിടെ പ്രസ്താവിച്ചിരുന്നു.

ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ വലിയ മാറ്റങ്ങളാണ് മസ്‌ക് കമ്പനിയില്‍ വരുത്തിയത്. ഇതെല്ലാം വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. തലപ്പത്തെ അഴിച്ചുപണിയോടെയാണ് മസ്‌ക് ട്വിറ്ററില്‍ തുടക്കം കുറിച്ചത്. സിഇഒ പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെയുള്ള ട്വിറ്ററിന്റെ താക്കോല്‍സ്ഥാനത്തിരിക്കുന്ന പ്രധാനപ്പെട്ട നാല് ഉദ്യോഗസ്ഥരെ മസ്‌ക് ആദ്യം പുറത്താക്കി. അധികസമയം ജോലിയെടുക്കണമെന്ന് തൊഴിലാളികളോട് ആവശ്യപ്പെട്ട മസ്‌ക് പുതിയ തൊഴില്‍ സംസ്‌കാരം നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തി. ഇതോടെ സമ്മര്‍ദത്തലായ ജീവനക്കാരില്‍ പലരും സ്വമേധയാ രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News