ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല: തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

സംഭവത്തില്‍ നാലുപേരെ പിടികൂടിയ പോലിസ്, അര്‍ധരാത്രി തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

Update: 2019-12-09 01:37 GMT

ഹൈദരാബാദ്: യുവ വനിതാ വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത ശേഷം ചുട്ടുകൊന്ന കേസിലെ പ്രതികളെ ഹൈദരാബാദില്‍ പോലിസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കേസന്വേഷണത്തിനായി എട്ടംഗ പ്രത്യേക സംഘത്തെയും നിയോഗിച്ചു. രചകൊണ്ട പോലിസ് കമ്മീഷണര്‍ മഹേഷ് എം ഭഗവതാണ് പ്രത്യേക അന്വേഷണ സംഘത്തലവന്‍. ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ സുപ്രിം കോടതിയിലും ഹൈക്കോടതിയിലും ഹരജികള്‍ നല്‍കിയിട്ടുണ്ട്. ഹരജികള്‍ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

    വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യരപ്പെട്ടിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായ ശേഷം സംഘം സര്‍ക്കാരിനും കോടതിക്കും റിപോര്‍ട്ട് സമര്‍പ്പിക്കും. യുവ വെറ്ററിനറി ഡോക്ടര്‍ സ്‌കൂട്ടറില്‍ പോവുന്നതിനിടെയാണ് ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട നാലംഗസംഘം ബലാല്‍സംഗം ചെയ്ത ശേഷം തീക്കൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തില്‍ നാലുപേരെ പിടികൂടിയ പോലിസ്, അര്‍ധരാത്രി തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.




Tags:    

Similar News