വികാസ് ദുബെയെ വെടിവച്ച് കൊന്നത് ഉന്നതരെ രക്ഷിക്കാനെന്ന് സംശയമുയരുന്നു

Update: 2020-07-10 06:59 GMT

ലക്‌നോ: യോഗി ആദിഥ്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ എട്ട് പോലിസുകാരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വികാസ് ദുബെയെ പോലിസ് കസ്റ്റഡിയിലിരിക്കെ വെടിവച്ച് കൊന്നത് ഉന്നതരെ രക്ഷിക്കാനെന്ന സംശയമുയരുന്നു. വ്യാഴാഴ്ച മധ്യപ്രദേശിലെ ഉജ്ജയ്‌നിയില്‍ നിന്ന് പിടികൂടിയ വികാസ് ദുബെ വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടെന്നാണ് ഉത്തര്‍പ്രദേശ് പോലിസ് അറിയിച്ചത്. കാണ്‍പൂരിലേക്ക് കൊണ്ടുവരുന്നതിനിടെ വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ആത്മരക്ഷാര്‍ഥം ദുബെയെ വെടിവയ്ക്കുകയായിരുന്നുവെന്നും പോലിസ് പറയുന്നു. പോലിസുകാരെ കൂട്ടക്കൊല നടത്തിയ ശേഷം വന്‍ സന്നാഹത്തോടെ യുപി പോലിസ് ദുബെയെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മധ്യപ്രദേശില്‍ അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലേക്ക് റോഡ് മാര്‍ഗം കൊണ്ടുവരുന്നതിനിടെ ദേശീയപാതയില്‍ വച്ച് കാര്‍ അപകടത്തില്‍പെടുകയും ദുബെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ത്ഥം വെടിവച്ചതാണെന്നുമാണ് പോലിസ് പറയുന്നത്. ദുബെ ഉള്‍പ്പെടെ ഗുണ്ടാസംഘത്തിലെ നാലുപേരെയാണ് ഇതുവരെ പോലിസ് വെടിവച്ച് കൊലപ്പെടുത്തിയത്. എന്നാല്‍, അന്വേഷണം ഉന്നതരിലേക്ക് എത്തുന്നത് തടയാനും തെളിവ് നശിപ്പിക്കാനും ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്ന സംശയമാണുയരുന്നത്.

   


 നേരത്തേ, എട്ട് പോലിസുകാരെ കൊലപ്പെടുത്തിയ ഏറ്റുമുട്ടല്‍ നടന്ന വികാസ് ദുബെയുടെ കാണ്‍പൂരിലെ വീട് ഇടച്ചുനിരത്തിയിരുന്നു. ചുമരുകളില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി സംശയമുള്ളതിനാലാണ് വീട് തകര്‍ത്തതെന്നായിരുന്നു പോലിസ് ഭാഷ്യം. എന്നാല്‍, പരിശോധനയില്‍ വെറും രണ്ടുകിലോ സാധാരണ സ്‌ഫോടക വസ്തുക്കളും ഒരു കിലോ ഇരുമ്പാണികളും നാല് നാടന്‍ തോക്കുകളും മാത്രമാണ് കണ്ടെടുക്കാനായത്.

    ബിജെപി നേതാവായ മുന്‍ മന്ത്രിയെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ 60ഓളം കേസുകളില്‍ പ്രതിയായ വികാസ് ദുബെയ്ക്ക് ഉന്നത രാഷ്ട്രീയനേതാക്കളുമായി ബന്ധമുണ്ടെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല, ദുബെ രാഷ്ട്രീയ പ്രവേശനത്തിനു ശ്രമം നടത്തിയതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. 2001ലാണ് വികാസ് ദുബെ മന്ത്രി സന്തോഷ് ശുക്ലയെ പോലിസ് സ്‌റ്റേഷനുള്ളില്‍ വച്ച് കൊലപ്പെടുത്തിയത്. ഇതിനു ശേഷം 'ഷിവ്‌ലി ഡോണ്‍' എന്നറിയപ്പെട്ട ദുബെ കോടതിയില്‍ കീഴടങ്ങിയെങ്കിലും മാസങ്ങള്‍ക്കു ശേഷം ജാമ്യം ലഭിച്ചു. ഇതിനു ശേഷമാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. നഗര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും പഞ്ചായത്ത്, സിവിക് തിരഞ്ഞെടുപ്പുകളില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഗുണ്ടാ സംഘത്തിന് നിരവധി രാഷ്ട്രീയക്കാരുമായി ബന്ധമുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടെ പോലിസ് കസ്റ്റഡിയില്‍ വികാസ് ദുബെ കൊല്ലപ്പെട്ടതോടെ അന്വേഷണം നിലയ്ക്കുമെന്നാണ് ആരോപണം. മാത്രമല്ല, വ്യാജ ഏറ്റുമുട്ടല്‍ കൊലയാണിതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

Vikas Dubey's Arrest After 6-Day Chase Raises Many Questions





Tags:    

Similar News