അനധികൃത ഖനനക്കേസ്; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇഡിയുടെ നോട്ടീസ്

Update: 2022-11-02 05:19 GMT

റാഞ്ചി: അനധികൃത ഖനന അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. നാളെ റാഞ്ചിയിലെ ഇഡി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സോറന്റെ സഹായിയായ പങ്കജ് മിശ്രയെയും മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും ജൂലൈ എട്ടിന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. പങ്കജ് മിശ്രയുമായി ബന്ധപ്പെട്ട 18 കേന്ദ്രങ്ങളില്‍ ഇഡിയുടെ റെയ്ഡും നടന്നിരുന്നു.

മിശ്രയ്ക്കും മറ്റുള്ളവര്‍ക്കുമെതിരേ മാര്‍ച്ചില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) ഇഡി കേസെടുത്തതിന് ശേഷമാണ് റെയ്ഡ് ആരംഭിച്ചത്. മിശ്രയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 11.88 കോടി രൂപയും വീട്ടില്‍ നിന്ന് 5.34 കോടിയുടെ കണക്കില്‍പ്പെടാത്ത പണവും കണ്ടെത്തിയെന്നാണ് ഇഡി പറയുന്നത്. പങ്കജ് മിശ്ര സമ്പാദിച്ച 42 കോടി രൂപയുടെ അനധികൃത സ്വത്ത് ഇതുവരെ കണ്ടെത്തിയതായാണ് ഇഡി റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മിശ്രയുടെ വീട്ടില്‍ നിന്ന് ഹേമന്ത് സോറന്റെ പാസ്ബുക്കും അദ്ദേഹം ഒപ്പിട്ട ചില ചെക്കുകളും ഇഡി കണ്ടെടുത്തതായി റിപോര്‍ട്ടുണ്ട്.

മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത സഹായിയും ജാര്‍ഖണ്ഡിലെ സാഹെബ്ഗഞ്ചിലെ ബര്‍ഹൈത്തില്‍നിന്നുള്ള എംഎല്‍എയുമായ പങ്കജ് മിശ്ര തന്റെ കൂട്ടാളികളിലൂടെ അനധികൃത ഖനന ബിസിനസ്സുകളും ഉള്‍നാടന്‍ ഫെറി സര്‍വീസുകളും നിയന്ത്രിക്കുന്നതായാണ് ഇഡി വാദം. പങ്കജ് മിശ്ര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം ആരംഭിച്ചത്.

പിന്നീട് ഐപിസി, സ്‌ഫോടകവസ്തു നിയമം, ആയുധ നിയമം എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്ത അനധികൃത ഖനനവുമായി ബന്ധപ്പെട്ട നിരവധി എഫ്‌ഐആറുകളും ഷെഡ്യൂള്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പങ്കജ് മിശ്രയ്ക്കും അദ്ദേഹത്തിന്റെ സഹായികളായ ബച്ചു യാദവ്, പ്രേം പ്രകാശ് എന്നിവര്‍ക്കുമെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഖനന പാട്ടം നീട്ടി നല്‍കിയതിലൂടെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചെന്ന ബിജെപി പരാതിയെത്തുടര്‍ന്ന് മുഖ്യമന്ത്രി സോറനെ അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തതെന്നും റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Tags:    

Similar News