ബംഗാളില്‍ റെയ്ഡിനെത്തിയ ഇഡി സംഘത്തെ നാട്ടുകാര്‍ ആക്രമിച്ചു; വാഹനം തകര്‍ത്തു

Update: 2024-01-05 05:55 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയില്‍ ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) സംഘത്തെ നാട്ടുകാര്‍ ആക്രമിച്ചു. വാഹനം തകര്‍ത്തു നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി സംഘം റെയ്ഡ് ചെയ്യാനെത്തിയപ്പോഴാണ് ആക്രമണം. 200ലധികം പ്രദേശവാസികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെയും കേന്ദ്ര സായുധ അര്‍ധസൈനിക സേനയെയും വളയുകയായിരുന്നു. ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ജനക്കൂട്ടം തകര്‍ത്തിട്ടുണ്ട്. കേസില്‍ പിന്നീട് അറസ്റ്റിലായ തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ വസതിക്ക് സമീപമെത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നാണ് റിപോര്‍ട്ട്. അതേസമയം, ആക്രമത്തിനു പിന്നില്‍ റോഹിങ്ക്യകള്‍ ആണെന്നും ഇവര്‍ സംസ്ഥാനത്തെ ക്രമസമാധാനപാലനത്തില്‍ എന്താണ് ചെയ്യുന്നതെന്ന് സംഭവം കാണിക്കുന്നതായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ പറഞ്ഞു. 'ഇവര്‍ക്കെല്ലാം എതിരേ പരാതിയും അഴിമതിക്കുറ്റങ്ങളും ഉണ്ട്. സ്വാഭാവികമായും ഇഡി നടപടിയെടുക്കും. റോഹിങ്ക്യകള്‍ സംസ്ഥാനത്തെ ക്രമസമാധാനത്തില്‍ എന്താണ് ചെയ്യുന്നതെന്ന് ആക്രമണം കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ഗുരുതരമായ സാഹചര്യം മനസ്സിലാക്കി അരാജകത്വം ഇല്ലാതാക്കാന്‍ ഉചിതമായ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനോടും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം എന്‍ ഐഎ അന്വേഷിക്കണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു.

    റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് മാസങ്ങളായി തുടരുകയാണ്. പശ്ചിമ ബംഗാളിലെ ഗുണഭോക്താക്കള്‍ക്കുള്ള പൊതുവിതരണ സംവിധാനത്തിന്റെ(പിഡിഎസ്) 30 ശതമാനവും ഓപ്പണ്‍ മാര്‍ക്കറ്റിലേക്ക് തിരിച്ചുവിട്ടെന്നാണ് ആരോപണം. ഇതുവഴി ലഭിച്ച വരുമാനം മില്ലുടമകളും പിഡിഎസ് വിതരണക്കാരും തമ്മില്‍ പങ്കിട്ടതായും ആരോപിച്ചിരുന്നു. ചില സഹകരണ സംഘങ്ങളുമായി ഒത്തുചേര്‍ന്ന് കര്‍ഷകരുടെ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും നെല്‍കര്‍ഷകര്‍ക്ക് നല്‍കേണ്ട എംഎസ്പി പണം പോക്കറ്റിലാക്കുകയും ചെയ്‌തെന്നും അരി മില്ലുകാര്‍ ക്വിന്റലിന് 200 രൂപയോളം സമ്പാദിച്ചതായി പ്രധാന പ്രതികളില്‍ ഒരാള്‍ സമ്മതിച്ചതായും ഇജി ആരോപിച്ചിരുന്നു. കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ എംഎസ്പി നിരക്കില്‍ സംഭരിക്കേണ്ട ധാന്യത്തിന്, വര്‍ഷങ്ങളായി സംസ്ഥാനത്തുടനീളം നിരവധി അരി മില്ലര്‍മാര്‍ ഈ രീതി പിന്തുടരുന്നുണ്ടെന്നാണ് ഇഡിയുടെ ആരോപണം. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 14ന് ഇഡി അറസ്റ്റു ചെയ്ത അരി മില്ലുടമ ബക്കിബുര്‍ റഹ്മാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഒക്ടോബര്‍ 11, 26, നവംബര്‍ 4 തിയ്യതികളില്‍ നടത്തിയ ഒന്നിലധികം പരിശോധനകളില്‍ 1.42 കോടി രൂപയും പിടിച്ചെടുത്തതായും ഷെല്‍ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച 16.87 കോടി രൂപ മരവിപ്പിച്ചതായും ഇഡി അറിയിച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെടുത്തി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതി പ്രിയോ മല്ലിക്കിനെ അറസ്റ്റ് ചെയ്തിരുന്നു. 2011 മുതല്‍ 2021 വരെ ഭക്ഷ്യ വിതരണ മന്ത്രിയായിരുന്ന കാലയളവില്‍ റേഷന്‍ വിതരണത്തില്‍ ക്രമക്കേട് സംഭവിച്ചെന്നാണ് ഇഡി റിപോര്‍ട്ട്. മല്ലിക്കിനെ പ്രാദേശിക കോടതി നവംബര്‍ 6 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു.

Tags:    

Similar News