ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില്‍ കേരളാ പോലിസിന്റെ പരിശോധന

സിപിഎം നേതാവും തൃശൂര്‍ വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷന്റെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സംഘം ഇ.ഡി. ഓഫിസില്‍ പരിശോധനയ്‌ക്കെത്തിയത്.

Update: 2023-09-20 13:15 GMT

കൊച്ചി: കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നു ചൂണ്ടിക്കാട്ടി സിപിഎം നേതാവ് നല്‍കിയ പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഓഫിസില്‍ കേരളാ പോലിസിന്റെ പരിശോധന. സിപിഎം നേതാവും തൃശൂര്‍ വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷന്റെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സംഘം ഇ.ഡി. ഓഫിസില്‍ പരിശോധനയ്‌ക്കെത്തിയത്. കൊച്ചിയിലെ സെന്‍ട്രല്‍ സിഐയും സംഛഘവുമാണ് കൊച്ചിയിലെ ഇഡി ഓഫിസില്‍ പ്രാഥമിക പരിശോധനയ്‌ക്കെത്തിയത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അരവിന്ദാക്ഷനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം മടങ്ങിയ അരവിന്ദാക്ഷന്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനിടെ തന്നെ മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്താനാണ് കൊച്ചി പോലിസ് തീരുമാനിച്ചത്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായാല്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യണോ എന്നതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സിയായതിനാല്‍ കേസെടുക്കുന്നതിനു മുമ്പ് കേരളാ പോലിസിന് നിയമോപദേശം തേടേണ്ടി വരും. നേരത്തേ സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെടെ ഇഡിക്കെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇഡി ഹൈക്കോടതിയെ സമീപിച്ച് തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്യുകയുമായിരുന്നു. കരുവന്നൂര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ സി മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തെ രണ്ടുതവണ ചോദ്യം ചെയ്ത ശേഷം വീണ്ടും ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. മാത്രമല്ല, ഒമ്പതോളം സഹകരണ ബാങ്കുകളില്‍ ഇഡി സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു.

Tags:    

Similar News