കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതം; ശുഭവാര്‍ത്ത പ്രതീക്ഷിക്കാമെന്ന് പോലിസ്
കൊല്ലം: ഓയൂരില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോവുന്നതിനിടെ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലിസ് തിരച്ചില്‍ ഊര്‍ജിതം. ഓട്ടുമല കാറ്റാടി റജി ഭവനില്‍ റജി ജോണ്‍-സിജി റജി ദമ്പതികളുടെ മകള്‍ അബിഗേല്‍ സാറാ റജിയെ കണ്ടെത്താനാണ് സംസ്ഥാന വ്യാപക പരിശോധന നടത്തുന്നത്. സംഭവത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ കളര്‍ രേഖാചിത്രം പോലിസ് പുറത്തുവിട്ടിട്ടുണ്ട്. കടയിലെത്തിയ ആളുമായി രേഖാചിത്രത്തിന് സാമ്യമുണ്ടെന്നാണ് സമീപത്തെ കടയിലുള്ള സ്ത്രീ അറിയിച്ചിരിക്കുന്നത്. പ്രതികള്‍ ഉപയോഗിച്ചത് വാടക കാര്‍ ആണെന്നാണ് പോലിസ് നിഗമനം. പാരിപ്പള്ളി, പള്ളിക്കല്‍ പ്രദേശങ്ങള്‍ക്ക് പുറമെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തുനിന്ന് രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കാര്‍ വാഷിങ് സെന്റര്‍ ഉടമ പ്രജീഷിനെയും മറ്റൊരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചേക്കുമെന്നാണ് വിവരം. കേസുമായി ഇവര്‍ക്ക് ബന്ധമില്ലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
കുട്ടിയെ തട്ടിക്കൊണ്ടുപോയത് സ്വിഫ്റ്റ് ഡിസയര്‍ കാറിലാണെന്നും അന്വേഷണം ഊര്‍ജിതമാണെന്നും ദക്ഷിണമേഖലാ ഐജി സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. ഇതിനിടെ, മോചനദ്രവ്യം ആവശ്യപ്പെട്ട് പാരിപ്പള്ളിയിലെ കടയില്‍ നിന്ന് ഫോണ്‍ വിളിച്ച സ്ത്രീയോടൊപ്പം കടയിലെത്തിയ വ്യക്തിയുടെ രേഖാചിത്രം പോലിസ് പുറത്തുവിട്ടു. കടയുടമയുടെ ഭാര്യ ഗിരിജ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. തട്ടിക്കൊണ്ടുപോയത് പ്രൊഫഷനല്‍ സംഘമല്ലെന്നാണ് പോലിസ് നിഗമനം. രണ്ടാമത് മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍കോള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളത്. പണം കൈമാറിയാല്‍ രാവിലെ 10ന് കുട്ടിയെ കൈമാറാനാണ് തങ്ങളുടെ ബോസ് നല്‍കിയ നിര്‍ദേശമെന്നു വിളിച്ച സ്ത്രീ പറഞ്ഞിരുന്നു. ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ച് രക്ഷിതാക്കളുമായി സംസാരിച്ചു.
തിങ്കളാഴ്ച വൈകീട്ട് 4.20നാണ് അബിഗേല്‍ സാറാ റജിയെ വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും ചെറുത്തതിനാല്‍ വണ്ടിയില്‍നിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു. കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലിസ് കണ്‍ട്രോള്‍ റൂം നമ്പറായ 112, 9946923282, 9495578999 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.