ആലുവയിലെ നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കോണ്‍ഗ്രസിന്റെ എസ് പി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം
സമരക്കാര്‍ക്ക് നേരെ പോലിസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കൊച്ചി: ആലുവയില്‍ ഭര്‍തൃ പീഡനം മൂലം ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയ ആലുവ സി ഐ സുധീറിനെ സസ്‌പെന്റു ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആലുവ എസ് പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലിസും കോണ്‍ഗ്രസ്പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പോലിസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.ഇവരില്‍ പലരെയും ആശുപത്രിയിലേക്ക് മാറ്റി.സി ഐയെ സസ്‌പെന്റു ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്
ഹൈബി ഈഡന്‍ എംപി,ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ എസ്പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഓഫിസിനു സമീപം പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു സമരക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലിസ് ജല പീരങ്കി പ്രയോഗിച്ചു.എന്നാല്‍ പ്രവര്‍ത്തകര്‍ പിന്തിരിയാന്‍ തയ്യാറാകാതെ വന്നതോടെ പോലിസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
തുടര്‍ന്നും പിന്തിരിയാന്‍ തയ്യാറാകാതെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിന്നു പോലിസിനെതിരെ മുദ്രാവാക്യം വിളി തുടര്‍ന്നു.പിന്നാലെ വനിതകള്‍ അടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സമര സ്ഥലത്തേക്ക് എത്തി.തുടര്‍ന്ന് ഒന്നരയോടെയാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ച് പിരിഞ്ഞു പോയത്.
ജല പീരങ്കി പ്രയോഗത്തിലും കണ്ണീര്‍ വാതക പ്രയോഗിത്തിലുമായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.പലര്‍ക്കും ശ്വാസം മുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതായി സമരക്കാര്‍ ആരോപിച്ചു.ഇവരെയെല്ലാം ആലുവയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്നും സമരക്കാര്‍ പറഞ്ഞു
ആരോപണ വിധേയനായ സി ഐ സുധീറിനെ സസ്‌പെന്റു ചെയ്യാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്,ബെന്നി ബഹനാന്‍ എംപി എന്നിവരുടെ നേതൃത്വത്തില്‍ ആലുവ പോലിസ് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരിപ്പു സമരം തുടരുകയാണ്.