കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പോലിസിനെ ആക്രമിച്ച സംഭവം;175 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.പ്രതികളെല്ലാവരും തന്നെ ജാര്‍ഘണ്ട്, നാഗാലാന്റ്്, അസം, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്

Update: 2022-02-23 11:07 GMT

കൊച്ചി: കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടയില്‍ കിറ്റക്‌സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പോലിസിനെ ആക്രമിച്ച് പോലീസ് വാഹനം കത്തിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 175 പേര്‍ക്കെതിരെ 524 പേജുള്ള കുറ്റപത്രം കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷസംഘം സമര്‍പ്പിച്ചത്. പ്രതികളെല്ലാവരും തന്നെ ജാര്‍ഘണ്ട്, നാഗാലാന്റ്്, അസം, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്.

നിയമ വിരുദ്ധമായി സംഘം ചേര്‍ന്ന് കലാപം നടത്തല്‍, മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍, പൊതുമുതല്‍ തരിപ്പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, എന്നീ വിവിധ വകുപ്പകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷസംഘത്തില്‍ പെരുമ്പാവൂര്‍ എഎസ്പി അനുജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ കെ ജെ പീറ്റര്‍ എന്നിവരടക്കം 19 പേരാണ് ഉണ്ടായിരുന്നത്. കേസില്‍ രണ്ട് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷസംഘത്തിനായി.

ഒരു രാത്രി മുഴുവന്‍ കിഴക്കമ്പലത്തെ മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികള്‍ അഴിഞ്ഞാട്ടം നടത്തിയത്. ക്രിസ്തുമസ് കരോള്‍ നടത്തുന്നതിനെച്ചൊല്ലി കിറ്റക്‌സിന്റെ ലേബര്‍ ക്യംപില്‍ തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമാകുകയും മദ്യലഹരിയില്‍ വാക്കേറ്റം തമ്മില്‍ത്തല്ലില്‍ എത്തി. കയ്യാങ്കളി റോഡിലേക്ക് നീണ്ടതോടെയാണ് നാട്ടുകാര്‍ പോലിസിനെ അറിയിച്ചത്. പോലിസെത്തിയിതോടെ തൊഴിലാളികള്‍ അവര്‍ക്കെതിരെ തിരിഞ്ഞു. കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ അടക്കമുളളവരെ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചു. ഒരു പോലിസ് വാഹനം കത്തിച്ച അക്രമികള്‍ ഏതാനും പോലിസ് വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് റൂറല്‍ എസ്പി അടക്കമുളളവര്‍ സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. തൊഴിലാളികളുടെ താമസസ്ഥലത്തടക്കം പരിശോധന നടത്തിയാണ് പോലിസ് അക്രമികളെ കസ്റ്റഡിയില്‍ എടുത്തത്.

Tags:    

Similar News