തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വിജയം ഉറപ്പിച്ച് ഉമാ തോമസ്; ജനഹിതം അംഗീകരിക്കുന്നുവെന്ന് സിപിഎം
അപ്രതീക്ഷിതമായ ജനവിധിയാണ് തൃക്കാക്കരയില്‍ ഉണ്ടായിരിക്കുന്നതെന്നും ജനഹിതം മാനിക്കുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം പ്രതീക്ഷിച്ച മുന്നേറ്റമാണ് യുഡിഎഫും ഉമാ തോമസും തൃക്കാക്കരയില്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വിജയം ഉറപ്പിച്ചു.ആറാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ ഉമാ തോമസിന്റെ ലീഡ് 12,000 കടന്നു.യുഡിഎഫ് ക്യാംപിനെപ്പോലും അമ്പരപ്പിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ഒരോ റൗണ്ടിലും ഉമാ തോമസ് നടത്തുന്നത്.അപ്രതീക്ഷിതമായ ജനവിധിയാണ് തൃക്കാക്കരയില്‍ ഉണ്ടായിരിക്കുന്നതെന്നും ജനഹിതം മാനിക്കുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം പ്രതീക്ഷിച്ച മുന്നേറ്റമാണ് യുഡിഎഫും ഉമാ തോമസും തൃക്കാക്കരയില്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അതേ സമയം എല്‍ഡിഎഫ് മേഖലയില്‍ പോലും വന്‍ മുന്നേറ്റമാണ് ഉമ നടത്തിക്കൊണ്ടിരിക്കുന്നത്.
239 ബുത്തുകളിലായി 12 റൗണ്ടിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.പോസ്റ്റല്‍ ബാലറ്റ്് മുതല്‍ ഉമാ തോമസിനായിരുന്നു ലീഡ്. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമയുടെ ലീഡ് രണ്ടായിരം കടന്നു.ഇടപ്പള്ളി മേഖലയായിരുന്നു ആദ്യ റൗണ്ട് എണ്ണിയത്. ഇത് പൂര്‍ത്തിയായപ്പോള്‍ 2249 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഉമയ്ക്ക് ലഭിച്ചത്.കഴിഞ്ഞ തവണ പി ടി തോമസ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ കുടുതലായിരുന്നു ഇത്.ആദ്യ റൗണ്ടില്‍ ഉമാ തോമസ് 5978 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് 3729 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ 1612 വോട്ടുകളുമാണ് നേടിയത്. നാലാം സ്ഥാനത്ത് എത്തിയത് നോട്ടയായിരുന്നു.107 വോട്ടുകളാണ് നോട്ട നേടിയത്.മറ്റ് അഞ്ച് സ്വതന്ത്രസ്ഥാനാര്‍ഥികള്‍ എല്ലാവരും ചേര്‍ന്ന് ആദ്യ റൗണ്ടില്‍ നേടിയത് 72 വോട്ടുകള്‍ മാത്രമായിരുന്നു.
ഇത്.രണ്ടാം റൗണ്ടിലും ഉമയക്ക് തന്നെയായിരുന്നു ആധിപത്യം.1867 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു രണ്ടാം റൗണ്ടില്‍ ഉമ നേടിയത്.6044 വോട്ടുകള്‍ ഉമ നേടിയപ്പോള്‍ 4177 വോട്ടുകളാണ് ഡോ.ജോ ജോസഫ് നേടിയത്.1263 വോട്ടുകളായിരുന്നു എ എന്‍ രാധാകൃഷ്ണന്‍ നേടിയത്.മൂന്നാം റൗണ്ടിലും ഉമയുടെ കുതിപ്പ് തടയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കഴിഞ്ഞില്ല.മൂന്നാം റൗണ്ടില്‍ 2371 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഉമയക്ക് ലഭിച്ചത്.മൂന്നാം റൗണ്ടില്‍ ഉമാ തോമസ് 7162 വോട്ടുകളും ഡോ.ജോ ജോസഫ് 4791 വോട്ടുകളും എ എന്‍ രാധാകൃഷ്ണന്‍ 1211 വോട്ടുകളും നേടി.
മൂന്നു റൗണ്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 299 വോട്ടുകളുമായി നോട്ട നാലാം സ്ഥാനത്തായിരുന്നു.നോട്ടയ്ക്കും പിന്നിലായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകള്‍.നാലാം റൗണ്ടില്‍ ഉമാ തോമസിന്റെ ഭൂരിപക്ഷം 2441 വോട്ടുകളായിരുന്നു.അഞ്ചും ആറും റൗണ്ടുകളിലും ഉമാ തോമസിന് തന്നെയായിരുന്നു ആധിപത്യം.മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം ക്യാംപ് ചെയ്ത് ശക്തമായ പ്രചരണം നടത്തിയിട്ടും ഒരു ഘട്ടത്തില്‍ പോലും ഡോ.ജോ ജോസഫിന് ലീഡ് ചെയ്യാന്‍ സാധിച്ചില്ല.ഒരോ റൗണ്ടിലും വ്യക്തമായ ആധിപത്യം ഉറപ്പിച്ച് ഒരോ ഘട്ടത്തിലും ഉമാ തോമസ് ലീഡ് ഉയര്‍ത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.