തൃക്കാക്കര പിടിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുന്നു;പ്രചാരണം കൊഴുക്കും
മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇന്നു മുതല്‍ ക്യാംപു ചെയ്തു പ്രവര്‍ത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.10 ലോക്കല്‍ കമ്മിറ്റികളില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത് പ്രചരാണത്തിന്റെ തന്ത്രം മെനയും.താഴെത്തട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിനാണ് ലോക്കല്‍ കമ്മിറ്റിയോഗങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്നതെന്നാണ് വിവരം
കൊച്ചി: ഉപതിരഞ്ഞെടുപ്പില്‍ തൃക്കാക്കര പിടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇറങ്ങുന്നു.ഇതോടെ വരും ദിവസങ്ങളില്‍ പ്രചാരണരംഗം കൂടുതല്‍ കൊഴുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇന്നു മുതല്‍ ക്യാംപു ചെയ്തു പ്രവര്‍ത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.10 ലോക്കല്‍ കമ്മിറ്റികളില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത് പ്രചാരണത്തിന്റെ തന്ത്രം മെനയും.താഴെത്തട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിനാണ് ലോക്കല്‍ കമ്മിറ്റിയോഗങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്നത്.മുഖ്യമന്ത്രിക്കൊപ്പം എല്‍ഡിഎഫിന്റെ 60 എംഎല്‍എമാരും മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമെന്നും അറിയുന്നു.
ചിന്തന്‍ ശിബരം കഴിഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും കൂടി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ പ്രചാരണത്തിനായി എത്തുന്നതോടെ രണ്ടാം ഘട്ട പ്രചാരണം വരും ദിവസങ്ങളില്‍ തീപാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു.കെ റെയില്‍ തന്നെയാണ് യുഡിഎഫ് പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്.കേരളത്തില്‍ കെ റെയില്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ജനവിധിയാണ് തൃക്കാക്കരയില്‍ നടക്കാന്‍ പോകുന്നതെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്.അതു കൊണ്ടു തന്നെ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ തൃക്കാക്കര പിടിച്ചെടുത്ത് കോണ്‍ഗ്രസിന് മറുപടി കൊടുക്കുകയെന്നതാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും ലക്ഷ്യം.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വിജയവും പരാജയവും സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് വ്യക്തമായിട്ടും മുഖ്യമന്ത്രി തന്നെ നേരിട്ട പ്രചരാണത്തിന് നേതൃത്വം നല്‍കുന്നതും കെ റെയില്‍ വിഷയത്തില്‍ യുഡിഎഫിന് തിരിച്ചടി നല്‍കുകയെന്ന ലക്ഷ്യം വെച്ചാണ്.കോണ്‍ഗ്രസുമായി തെറ്റിയ മുന്‍ കേന്ദ്രമന്ത്രി കെ വി തോമസിനെയടക്കം എല്‍ഡിഎഫ് ഒപ്പം നിര്‍ത്തിയിരിക്കുന്നതിന് പിന്നിലും ഇതേ ലക്ഷ്യമാണ് സിപിഎമ്മിനുള്ളതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.താഴെത്തട്ടില്‍ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ തൃക്കാക്കര എല്‍ഡിഎഫിനൊപ്പം പോരുമെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്.
എന്നാല്‍ തൃക്കാക്കര യുഡിഎഫ് തന്നെ നിലനിര്‍ത്തുമെന്നാണ് യുഡിഎഫ് ക്യാംപ് വ്യക്തമാക്കുന്നത്.മുന്‍ തിരഞ്ഞെടുപ്പുകളില്‍ പി ടി തോമസിനൊപ്പം നിന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും പി ടി യുടെ ഭാര്യയായ ഉമാ തോമസിനൊപ്പം നിലയുറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപു പ്രവര്‍ത്തകരും.വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെ അടക്കം തൃക്കാക്കരയില്‍ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും.