പാകിസ്താനു വേണ്ടി ചാരപ്പണി; ബ്രഹ്മോസ് മുന്‍ എന്‍ജിനീയര്‍ നിശാന്ത് അഗര്‍വാളിന് ജീവപര്യന്തം തടവ്
ന്യൂഡല്‍ഹി: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ ബ്രഹ്മോസ് എയ്‌റോസ്‌പേസ് മുന്‍ എന്‍ജിനീയര്‍ നിശാന്ത് അഗര്‍വാളിന് നാഗ്പൂര്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഐഎസ്‌ഐക്ക് ബ്രഹ്മോസ് മിസൈലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റത്തിന് 2018ലാണ് നിശാന്ത് അഗര്‍വാള്‍ അറസ്റ്റിലായത്. കരയില്‍ നിന്നും വായുവില്‍ നിന്നും കടലില്‍ നിന്നും വെള്ളത്തിനടിയില്‍ നിന്നും വിക്ഷേപിക്കാവുന്ന ഇന്ത്യയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലില്‍ പ്രവര്‍ത്തിച്ച ഡിആര്‍ഡിഒയും റഷ്യയുടെ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കണ്‍സോര്‍ഷ്യവും സംയുക്തമായി തുടങ്ങിയ ബ്രഹ്മോസ് എയ്‌റോസ്‌പേസിന്റെ സീനിയര്‍ സിസ്റ്റം എന്‍ജിനീയറായിരുന്നു അഗര്‍വാള്‍. അഗര്‍വാളിന് 14 വര്‍ഷത്തെ കഠിന തടവും 3,000 രൂപ പിഴയുമാണ് വിധിച്ചത്. ഐടി ആക്ടിലെ സെക്ഷന്‍ 66 (എഫ്), ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ടിലെ (ഒഎസ്എ) വിവിധ വകുപ്പുകള്‍ പ്രകാരവും ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 235 പ്രകാരവുമാ അഗര്‍വാളിനെ ശിക്ഷിച്ചതെന്ന് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എംവി ദേശ്പാണ്ഡെ ഉത്തരവില്‍ വ്യക്തമാക്കി. കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് അഗര്‍വാളിന് ജാമ്യം അനുവദിച്ചിരുന്നു. ബ്രഹ്മോസ് എയ്‌റോസ്‌പേസ് സംബന്ധിച്ച ആദ്യത്തെ ചാര അഴിമതിയായതിനാല്‍ 2018ലെ കേസ് കോളിളക്കമുണ്ടാക്കിയിരുന്നു.
നേഹാ ശര്‍മ, പൂജാ രഞ്ജന്‍ എന്നീ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് അഗര്‍വാള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നത്. ഇസ് ലാമാബാദ് കേന്ദ്രീകരിച്ചുള്ള അക്കൗണ്ടുകള്‍ പാകിസ്താന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റേതാണ് എന്നാണ് കരുതുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ യംഗ് സയന്റിസ്റ്റ് അവാര്‍ഡ് ജേതാവായ നിശാന്ത് അഗര്‍വാള്‍, ഇത്തരമൊരു പ്രവര്‍ത്തനത്തില്‍ പങ്കാളിയായത് സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചിരുന്നു. കുരുക്ഷേത്രയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പഠിച്ച അദ്ദേഹം മിടുക്കനായ എന്‍ജിനീയര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജ്യോതി വജാനി ഹാജരായി.