മുന്‍ മന്ത്രിമാര്‍ ഇസ്‌ലാമിക അധിനിവേശത്തെ വെള്ളപൂശി; വിരമിക്കാനിരിക്കെ വിദ്വേഷ പരാമര്‍ശവുമായി മുന്‍ സിബിഐ ഡയറക്ടര്‍

1947-77 കാലത്ത് വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന രാജ്യം എക്കാലത്തും ആദരവോടെ കാണുന്ന മൗലാന അബുല്‍ കലാം ആസാദ് ഉള്‍പ്പെടെയുള്ളവരെയാണ് അദ്ദേഹം അപമാനിച്ച് ട്വീറ്റ് ചെയ്തത്.

Update: 2020-07-27 14:00 GMT

ന്യൂഡല്‍ഹി: വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഔചിത്യബോധത്തേയും സര്‍വീസ് ചട്ടങ്ങളേയും നോക്കുകുത്തിയാക്കി മുന്‍ സിബിഐ ഓഫിസര്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന പരാമര്‍ശങ്ങളുമായി സാമൂഹിക മാധ്യമങ്ങളില്‍. മൗലാന അബുല്‍ കലാം ആസാദ് ഉള്‍പ്പെടെയുള്ള മുന്‍ വിദ്യാഭ്യാസ മന്ത്രിമാര്‍ രക്തരൂക്ഷിതമായ ഇസ്‌ലാമിക അധിനിവേശത്തെ/ ഭരണത്തെ വെള്ളപൂശിയതിലൂടെ ഇന്ത്യന്‍ ചരിത്രം പൂര്‍ണമായും വളച്ചൊടിക്കപ്പെട്ടെന്നാണ് മുതിര്‍ന്ന ഐപിഎസ് ഓഫിസറായ എം നാഗേശ്വര റാവുവിന്റെ വിവാദ പരാമര്‍ശം.

1947-77 കാലത്ത് വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന രാജ്യം എക്കാലത്തും ആദരവോടെ കാണുന്ന മൗലാന അബുല്‍ കലാം ആസാദ് ഉള്‍പ്പെടെയുള്ളവരെയാണ് അദ്ദേഹം അപമാനിച്ച് ട്വീറ്റ് ചെയ്തത്. സ്വതന്ത്രാനന്തര ഇന്ത്യയിലെ ആദ്യ 20 വര്‍ഷം വിദ്യാഭ്യാസ മന്ത്രിമാര്‍ ആയിരുന്ന മൗലാന അബുല്‍ കലാം ആസാദ്, ഹുമയൂണ്‍ കബീര്‍, എംസി ചഗ്ല, ഫക്രുദ്ദീന്‍ അലി അഹമ്മദ്, നൂറുല്‍ ഹസന്‍ എന്നിവര്‍ ചരിത്രത്തെ വളച്ചൊടിക്കുകയും ഇസ്‌ലാമിക ഭരണകാലത്തെ വെള്ളപൂശുകയുമാണ് ചെയ്തതെന്നും നാഗേശ്വര റാവു പറയുന്നു. വികെആര്‍വി റാവുവിനെ പോലുള്ള ഇടതുപക്ഷക്കാര്‍ പിന്നീടുള്ള 10 വര്‍ഷവും തല്‍സ്ഥിതി തുടര്‍ന്നതായും അദ്ദേഹം സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസങ്ങള്‍ തുടര്‍ച്ചായി ചെയ്ത ട്വീറ്റിലാണ് നാഗേശ്വര റാവു തന്റെ ഉള്ളിലുള്ള വര്‍ഗീയ വിഷം പുറംതള്ളിയത്. ഹിന്ദുക്കളുടെ അറിവ് നിഷേധിച്ചു, ഹിന്ദുമതത്തെ അന്ധവിശ്വാസങ്ങളുടെ കേന്ദ്രമായി വിശേഷിപ്പിച്ചു, അബ്രഹാമിക് വിദ്യാഭ്യാസം നടപ്പാക്കി തുടങ്ങിയ തെറ്റായ ആരോപണങ്ങള്‍ക്കൊപ്പം അബ്രഹാമിക് മാധ്യമങ്ങളും വിനോദവും, ഹിന്ദുക്കള്‍ അവരുടെ സ്വത്വത്തെക്കുറിച്ച് ഓര്‍ത്ത് ലജ്ജിക്കുന്നു, ഹിന്ദു സമൂഹത്തിന്റെ ഐക്യംനഷ്ടപ്പെട്ടാല്‍ ഹിന്ദു സമൂഹം നശിക്കും എന്നിങ്ങനെയുള്ള ആറു പോയന്റുകളിലാണ് നാഗേശ്വര റാവുവിന്റെ ട്വീറ്റ്.

ഹോംഗാര്‍ഡ്, ഫയര്‍ സര്‍വീസസ്, സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറലായ നാഗേശ്വര്‍ റാവു ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് വിവാദ പരാമര്‍ശം നടത്തിയത്. സര്‍വീസ് ചട്ട പ്രകാരം ഇത്തരം വിദ്വേഷജനകമായ പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്നിരിക്കെയാണ് രാജ്യം ഏറെ ആദരവോടെ കാണുന്ന അബുള്‍ കലാം ആസാദ് ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയിരിക്കുന്നത്.

സത്യമേവ ജയതേ എന്നതാണ് നമ്മുടെ പ്രമാണം. എന്നാല്‍ എപ്പോഴും സത്യം ജയിക്കുന്നില്ല. രാഷ്ട്രീയ താല്‍പ്പര്യത്തിന് വേണ്ടി കളവ് പറയേണ്ടി വരുന്നു. ആദ്യത്തില്‍ ലഭിച്ച വിദ്യാഭ്യാസമാണ് ഇത്തരം കളവ് പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ വിജയികളുടേതല്ല, കപടരുടെ രാജ്യമായതില്‍ ആശ്ചര്യപ്പെടേണ്ടതില്ലെന്നും നാഗേശ്വര റാവു ട്വീറ്റ് ചെയ്യുന്നു.സിബിഐ ഡയറക്ടര്‍ അലോക് വര്‍മയും ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മില്‍ പോര് മൂര്‍ച്ചിച്ച വേളയില്‍ 2018 ഒക്ടോബര്‍ 23നാണ് നാഗേശ്വര റാവു സിബിഐ ഡയറക്ടറായി നിയമിതനായത്. ചുമതലയേറ്റ ഉടനെ ഇദ്ദേഹം 100ലധികം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് വിവാദമായിരുന്നു. ഐസിഐസിഐ ബാങ്ക് വായ്പാ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും അന്ന് മാറ്റുകയുണ്ടായി.

ഹിന്ദുത്വ ആശയം ഇടക്കിടെ പ്രകടിപ്പിച്ചതു കാരണം പലതവണ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു നാഗേശ്വര റാവു. കൊല്‍ക്കത്ത കേന്ദ്രമായുള്ള ട്രേഡിങ് കമ്പനിയിലെ സാമ്പത്തിക ഇടപാട് തട്ടിപ്പില്‍ ഇദ്ദേഹത്തിന്റെ ഭാര്യ ഉള്‍പ്പെട്ടതും വിവാദമായിരുന്നു. എന്നാല്‍ കുടുംബത്തെ ന്യായീകരിച്ചാണ് അന്ന് റാവു രംഗത്തുവന്നത്. ഡല്‍ഹിയിലെ മുസ് ലിം പേരുള്ള തെരുവുകളും ഇയാളെ ക്ഷുഭിതനാക്കിയിരുന്നു. അധിനിവേശകരുടെ പേരിലാണ് തെരുവുകള്‍ നാമകരണം ചെയ്തതെന്നും ഡല്‍ഹിയുടെ യഥാര്‍ഥ സ്ഥാപകരായ കൃഷ്ണന്റെയോ പാണ്ഡവരുടെയോ പേര് സൂചിപ്പിക്കുന്നില്ലെന്നും ഇയാള്‍ പരിതപിച്ചിരുന്നു.

ആര്‍എസ്എസിന്റെ പ്രവര്‍ത്തനം രാജ്യത്തെ ഹിന്ദുക്കളെ ഉണര്‍ത്തിയെന്നും നാഗേശ്വര റാവു തന്റെ ട്വീറ്റില്‍ പറയുന്നു.ഇന്ത്യയിലെ സംഘടനകള്‍ക്ക് വിദേശത്ത് നിന്ന് പണം വരുന്നത് നിരോധിക്കണമെന്ന് കഴിഞ്ഞ ജനുവരിയില്‍ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തില്‍ നാഗേശ്വര റാവു ആവശ്യപ്പെട്ടിരുന്നു.മാംസം കയറ്റുമതി നിരോധിക്കണമെന്നും നാഗേശ്വര റാവു ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News