ഇമ്രാന്‍ പറഞ്ഞത് നുണ; ബിന്‍ ലാദിന്റെ കാര്യം അവര്‍ പറഞ്ഞിട്ടില്ലെന്ന് സിഐഎ മുന്‍ ഡയറക്ടര്‍

ബിന്‍ ലാദന്‍ പാകിസ്താനിലുണ്ടെന്ന വിവരം പാക് ഏജന്‍സികള്‍ക്ക് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Update: 2019-07-24 12:08 GMT

വാഷിങ്ടണ്‍: പാക് ചാര സംഘടനയായ ഐഎസ്‌ഐ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്കു നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദനെ പിടികൂടിയതെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാദത്തെ തള്ളി മുന്‍ സിഐഎ ഡയറക്ടര്‍ ജനറല്‍ ഡേവിഡ് പെട്രാവുസ്. ബിന്‍ ലാദന്‍ പാകിസ്താനിലുണ്ടെന്ന വിവരം പാക് ഏജന്‍സികള്‍ക്ക് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇമ്രാന്‍ ഖാന്റെ വിവാദ വെളിപ്പെടുത്തല്‍.ബിന്‍ ലാദിന്‍ അബോട്ടാബാദില്‍ ഉണ്ടെന്നു വിവരം നല്‍കിയ പാക് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ ജയിലില്‍നിന്നു വിട്ടയക്കുമോയെന്ന ചോദ്യത്തിനു മറുപടിയായാണ് യുഎസ് പിടികൂടുംവരെ ബിന്‍ ലാദിനെക്കുറിച്ച് പാകിസ്താന് വിവരമൊന്നും ഇല്ലായിരുന്നെന്ന മുന്‍ നിലപാടില്‍നിന്നു ഇമ്രാന്‍ മലക്കം മറിഞ്ഞത്. ബിന്‍ ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയ്ക്കു കൈമാറിയത് ഐഎസ്‌ഐ ആണെന്ന് ഇമ്രാന്‍ പറഞ്ഞു. ഫോണിലൂടെയാണ് വിവരം കൈമാറിയതെന്നും ഇമ്രാന്‍ വിശദീകരിച്ചിരുന്നു.

ഭീകരതാ വിരുദ്ധ യുദ്ധത്തില്‍ പങ്കാളിയായിരുന്നെങ്കിലും യുഎസ് പാകിസ്താനെ വിശ്വസിച്ചില്ല.അവര്‍ പാകിസ്താനിലെത്തി ഒരു മനുഷ്യനെ ബോംബിട്ട് കൊല്ലുകയായിരുന്നു. ഇതു പാകിസ്താനു വലിയ അപമാനം വരുത്തിവച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പ്രതികരമായാണ് പെട്രാവുസ് ഇമ്രാന്റെ വാദം തള്ളിയത്. ബിന്‍ ലാദിന്‍ പാകിസ്താനില്‍ ഉണ്ടെന്നത് സംബന്ധിച്ച് പാക് ഏജന്‍സികള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് കരുതുന്നതെന്നും അവര്‍ ഉസാമയെ ഒളിപ്പിക്കുകയോ സംരക്ഷിക്കുകയോ ചെയ്തിരുന്നില്ലെന്നാണ് കരുതുന്നതെന്നും മുന്‍ സിഐഎ ഡയറക്ടര്‍ പറഞ്ഞു.

Tags:    

Similar News