വിക്കിലീക്‌സ് രഹസ്യ ചോര്‍ച്ച: സിഐഎ മുന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക് 40 വര്‍ഷം തടവ്
വാഷിങ്ടണ്‍: അമേരിക്കയെ പിടിച്ചുകുലുക്കിയ വിക്കിലീക്‌സ് രഹസ്യച്ചോര്‍ച്ചയില്‍ യുഎസിന്റെ ചാരസംഘടനയായ സിഐഎയുടെ മുന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക് 40 വര്‍ഷം തടവ്. രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്നും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ കൈവശം വച്ചെന്നും ആരോപിച്ച് രജിസ്റ്റര്‍ ചെയ്‌തെ കേസിലാണ് സിഐഎ മുന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജോഷ്വ ഷൂള്‍ട്ടെയെ ശിക്ഷിച്ചത്.
വോള്‍ട്ട് 7 ലീക്ക് എന്ന് വിളിക്കപ്പെടുന്ന ക്ലാസിഫൈഡ് മെറ്റീരിയലുകള്‍ കൈമാറിയെന്ന ആരോപണത്തില്‍ ഇദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. വിസില്‍ബ്ലോയിങ് സംഘടനയായ വിക്കിലീക്‌സിന് രഹസ്യ സാമഗ്രികള്‍ കൈമാറിയെന്ന് ആരോപിച്ച് ജോഷ്വാ ഷൂള്‍ട്ടിനെ 2022ല്‍ ചാരവൃത്തി, കംപ്യൂട്ടര്‍ ഹാക്കിങ് എന്നീ നാല് കേസുകളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2020ല്‍ കോടതിയലക്ഷ്യത്തിനും തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും കഴിഞ്ഞ വര്‍ഷം കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ കൈവശം വച്ചതിനും ഇദ്ദേഹത്തെ ശിക്ഷിച്ചു.
സിഐഎയുടെ ചാരവൃത്തിയെ കുറിച്ച് വിദേശത്ത് വെളിപ്പെടുത്തിയെന്ന കേസിലാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്. 'ഡിജിറ്റല്‍ പേള്‍ ഹാര്‍ബര്‍' എന്ന് വിളിക്കുന്ന വിക്കിലീക്‌സ് വെളിപ്പെടുത്തലില്‍ യുഎസ് ചാരന്മാര്‍ ആപ്പിളിന്റെയും ആന്‍ഡ്രോയിഡിന്റെയും സ്മാര്‍ട്ട്‌ഫോണുകള്‍ ഹാക്ക് ചെയ്യുകയും ഇന്റര്‍നെറ്റ് കണക്റ്റുചെയ്ത ടെലിവിഷനുകളെ ശ്രവണ ഉപകരണങ്ങളാക്കി മാറ്റുകയും ചെയ്യുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട്. സംഭവത്തിനു പിന്നാലെ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ തട്ടിക്കൊണ്ടുപോയിരുന്നു. ഇദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറാനുള്ള നിയമനടപടികള്‍ തുടരുകയാണ്. ഷൂള്‍ട്ടെ വരുത്തിയ നാശനഷ്ടത്തിന്റെ വ്യാപ്തിയും ഒരിക്കലും അറിയാന്‍ സാധ്യതയില്ലെന്നും എന്നാല്‍ അത് വളരെ വലുതായിരുന്നുവെന്നതില്‍ സംശയമില്ലെന്നും ജഡ്ജി ജെസ്സി എം ഫര്‍മാന്‍ പറഞ്ഞു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നികൃഷ്ടവും ഹീനവുമായ ചാരപ്രവര്‍ത്തനമെന്നാണ് യുഎസ് അറ്റോര്‍ണി ഡാമിയന്‍ വില്യംസ് പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍, ഇത് സര്‍ക്കാര്‍ അന്വേഷിക്കുന്നത് നീതിയല്ലെന്നും മറിച്ച് പ്രതികാരമാണെന്നും ജോഷ്വ ഷൂള്‍ട്ടെ പറഞ്ഞു. തടങ്കലില്‍ തനിക്ക് ചൂടുവെള്ളം നിഷേധിക്കുകയും നിരന്തരമായ ശബ്ദത്തിനും കൃത്രിമ വെളിച്ചത്തിനും വിധേയമാക്കിയത് ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ നേരിടേണ്ടി വന്നതായും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.