തൃത്താലയില്‍ തീപാറും; എം ബി രാജേഷും വിടി ബല്‍റാമും നേര്‍ക്കുനേര്‍

കെ എന്‍ ബാലഗോപാല്‍ കൊട്ടാരക്കരയിലും വി എന്‍ വാസവന്‍ ഏറ്റുമാനൂരിലും മല്‍സരിക്കും

Update: 2021-03-05 10:15 GMT

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് തോറ്റ എംബി രാജേഷിനെ തൃത്താലയില്‍ മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. ജില്ലാ നേതൃയോഗം രാജേഷിനെ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് സംസ്ഥാന നേതൃത്വം അംഗീകാരം നല്‍കുകയായിരുന്നു. മണ്ഡലത്തില്‍ കോണ്‍ഗ്രസിനായി സിറ്റിങ് എംഎല്‍എ വിടി ബല്‍റാം തന്നെ മത്സരിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ സംസ്ഥാനത്ത് ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമായി തൃത്താല മാറും.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് തോറ്റ കെഎന്‍ ബാലഗോപാലിനും വി എന്‍ വാസവനും ഒരു അവസരം കൂടി നല്‍കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. കെ എന്‍ ബാലഗോപാല്‍ കൊട്ടാരക്കരയിലും വി എന്‍ വാസവന്‍ ഏറ്റുമാനൂരിലുമാണ് മല്‍സരിക്കുക.

സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പി ജയരാജന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. അദ്ദേഹത്തിന് അവസരം നല്‍കേണ്ടതില്ലെന്ന് തീരുമാനം സിപിഎം സംസ്ഥാന സമിതി സ്വീകരിച്ചു. നേരത്തെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടുകയായിരുന്നു.

രണ്ടു തവണ മല്‍സരിച്ച എ പ്രദീപ് കുമാര്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ഇത്തവണ മല്‍സരിച്ചേക്കില്ല. എ പ്രദീപ് കുമാറിന് പകരം തോട്ടത്തില്‍ രവീന്ദ്രനെയാണ് പരിഗണിക്കുക. അരൂരില്‍ ഗായിക ദമീമയെ മല്‍സരിപ്പിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചു. അരുവിക്കരയില്‍ കാട്ടാക്കാട ഏരിയ സെക്രട്ടറി ജി സ്റ്റീഫനെയാണ് പരിഗണിക്കുന്നത്.

അഴീക്കോട് കെ വി സുമേഷ് മല്‍സരിക്കും. മന്ത്രിമാരായ ടി എം തോമസ് ഐസക്കും ജി സുധാകരനും മല്‍സരിക്കേണ്ടതില്ലെന്നും സംസ്ഥാന സമിതി തീരുമാനിച്ചു. ആലപ്പുഴയില്‍ ജെ ചിത്തരഞ്ചനും അമ്പലപ്പുഴയില്‍ എച്ച് സലാമും മല്‍സരിക്കും.

തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചു ജയിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കേണ്ടെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരേ സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. നയം കര്‍ശനമായി നടപ്പാക്കും മുന്‍പ് വിജയസാധ്യത പരിശോധിക്കണമെന്നും ഉറച്ച സീറ്റുകളില്‍ പരീക്ഷണം നടത്തരുതെന്നും അഭിപ്രായമുയര്‍ന്നു. സംവരണ സീറ്റായ തരൂരില്‍ സിറ്റിങ് എംഎല്‍എയായ എകെ ബാലന് പകരം ഭാര്യ ഡോ. പികെ ജമീലയ്ക്ക് തന്നെയാണ് സാധ്യത.

Tags:    

Similar News