അഴിമതിയില്‍ നിഷ്പക്ഷ അന്വേഷണം വേണം; മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്കെതിരേ മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ സുപ്രിംകോടതിയില്‍

വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച വാഹനം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് പരംബീര്‍ സിങ്ങിനെ സ്ഥാനത്തുനിന്ന് മാറ്റുന്നത്. ഈ കേസിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാരോപിച്ചാണ് പരംബീര്‍ സിങ്ങിനെ ഹോം ഗാര്‍ഡിലേയ്ക്ക് സ്ഥലംമാറ്റിയത്.

Update: 2021-03-22 09:50 GMT

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് കേന്ദ്ര ബ്യൂറോയുടെ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് സുപ്രിംകോടതിയെ സമീപിച്ചു. വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച വാഹനം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് പരംബീര്‍ സിങ്ങിനെ സ്ഥാനത്തുനിന്ന് മാറ്റുന്നത്. ഈ കേസിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാരോപിച്ചാണ് പരംബീര്‍ സിങ്ങിനെ ഹോം ഗാര്‍ഡിലേയ്ക്ക് സ്ഥലംമാറ്റിയത്. തുടര്‍ന്നാണ് പരംബീര്‍ ആഭ്യന്തരമന്ത്രിക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

കേസില്‍ സസ്‌പെന്‍ഷനിലായ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസയെ ഉപയോഗിച്ച് മുംബൈയിലെ ഭക്ഷണശാലകള്‍, ബാറുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നായി എല്ലാ മാസവും 100 കോടി രൂപ പിരിച്ചുനല്‍കാന്‍ ആഭ്യന്തരമന്ത്രി ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പരംബീര്‍ സിങ് കത്തയച്ചത്. വാസയെ പോലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരമന്ത്രി ഇത്തരം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. കൂടാതെ കേസ് അന്വേഷണത്തില്‍ മന്ത്രി ഇടപെടുന്നുവെന്നും തന്റെ രാഷ്ട്രീയ അജണ്ടയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കിയതായും അദ്ദേഹം ആരോപിക്കുന്നുണ്ട്.

സ്‌ഫോടക വസ്തു കേസില്‍ സച്ചിന്‍ വാസെ അറസ്റ്റിലായതിനു പിന്നാലെയാണ് പരംബീര്‍ സിങിനെ മുംബൈ പോലിസ് കമ്മീഷണര്‍ പദവിയില്‍നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ മാറ്റിയത്. കമ്മീഷണര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെയും ഹരജിയില്‍ അദ്ദേഹം ചോദ്യംചെയ്യുന്നുണ്ട്. എന്‍സിപി നേതാവ് ശരത് പവാര്‍ ആഭ്യന്തരമന്ത്രിയെ പിന്തുണച്ച് രംഗത്തുവരികയും തന്റെ ഉദ്ദേശലക്ഷ്യങ്ങളെ ചോദ്യംചെയ്യുകയും ചെയത് സാഹചര്യത്തിലാണ് സുപ്രിംകോടതിയെ സമീപിച്ചതെന്ന് പരംബീര്‍ സിങ് പറയുന്നു.

Tags:    

Similar News