എക്‌സാലോജിക്: കേന്ദ്ര അന്വേഷണം അന്തര്‍ധാരയില്‍ അവസാനിക്കുമെന്ന് കെ മുരളീധരന്‍
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം ഒത്തു തീര്‍പ്പിന്റെ ഭാഗമാവാമെന്നും എല്ലാം അന്തര്‍ധാരയില്‍ അവസാനിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. ഞങ്ങള്‍ ഇപ്പോള്‍ വലിയ ആവേശം കാണിക്കുന്നില്ല. ഇതെല്ലാം ഒത്തുതീര്‍പ്പിന്റെ ഭാഗമാവാം. കേന്ദ്ര ഏജന്‍സികള്‍ സെക്രട്ടേറിയറ്റില്‍ കയറേണ്ട സമയം കഴിഞ്ഞു. ഇതൊരു ഭീഷണിയാണ്. സത്യം പുറത്തു വരേണ്ട സമയം കഴിഞ്ഞു. എന്നാല്‍ ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. സ്വര്‍ണക്കടത്ത് കേസ് അതിന് ഉദാഹരണമാണ്. അന്വേഷണം അന്തര്‍ധാരയില്‍ അവസാനിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. മൂന്നാം സീറ്റിന്റെ പേരില്‍ ഒരിക്കലും ലീഗും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം ഉണ്ടാവില്ല. ലീഗിന്റെ അര്‍ഹതയെ ഒരിക്കലും ചോദ്യം ചെയ്യില്ല. സിപിഎം ഒരിക്കലും സ്ത്രീകള്‍ക്ക് പ്രതിനിധ്യം നല്‍കിയിട്ടില്ലെന്നും അതാണ് ബൃന്ദ കാരാട്ട് പറഞ്ഞതെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.