എക്‌സാലോജിക് നിരവധി കമ്പനികളില്‍ നിന്ന് പണം കൈപ്പറ്റി; എല്ലാ പോരാട്ടവും നടത്തുമെന്ന് മാത്യു കുഴല്‍നാടന്‍

Update: 2024-01-13 05:39 GMT

കൊച്ചി: മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ വീണാ വിജയന്റെ കമ്പനി എക്‌സാലോജികിനെതിരേ വീണ്ടും ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിലപാട് അറിയാന്‍ താല്‍പര്യമുണ്ട്. സിഎംആര്‍എല്‍ ചെലവുകള്‍ പെരുപ്പിച്ച് ലാഭം മറച്ചുവയ്ക്കുകയായിരുന്നു. അത് തന്നെയാണ് എക്‌സാലോജിക്കും ചെയ്തത്. സിഎംആര്‍എല്ലില്‍ 14 ശതമാനം ഓഹരി കെഎസ്‌ഐഡിസിയ്ക്കാണ്. ലാഭത്തിന്റെ വിഹിതവും വ്യവസായ വികസന കോര്‍പറേഷന് അവകാശപ്പെട്ടതാണ്. എന്നാല്‍ സിഎംആര്‍എല്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ മറച്ചുവച്ചു. പണം വഴിമാറ്റി കീശയിലാക്കി. ഇതിന് കെഎസ്‌ഐഡിസി കൂട്ടുനിന്നുവെന്നാണ് സംശയം. കെഎസ്‌ഐഡിസിയുടെ നിലപാട് എന്തായിരുന്നു എന്ന് പൊതുസമൂഹത്തോട് പറയേണ്ട ബാധ്യത വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനുണ്ട്. അദ്ദേഹം അത് പറയണം. സര്‍ക്കാരിന് അവകാശപ്പെട്ട 14 ശതമാനം ലാഭവിഹിതം നല്‍കാതെ തട്ടിപ്പ് കാണിച്ച സിഎംആര്‍എല്‍ കമ്പനിക്കെതിരേ എന്ത് നടപടി സ്വീകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കണം. സര്‍ക്കാരിനെതിരേ വിശ്വസനീയമായ തെളിവുകള്‍ പലപ്പോഴായി വന്നിട്ടും യഥാര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ അധികാരം പ്രയോഗിക്കാന്‍ തയ്യാറായിട്ടില്ല. ആത്യന്തികമായ നീതി കോടതിയില്‍ നിന്നേ ലഭിക്കൂ. അന്വേഷണത്തിലൂടെ ആര്‍ഒസി സത്യങ്ങള്‍ പുറത്തു കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു. മന്ത്രി റിയാസ് ഇപ്പോഴും ഇതിലൊന്നും അസ്വാഭാവികതയില്ലെന്നാണോ വാദിക്കുന്നത്. നിയമവ്യവസ്ഥയ്ക്ക് ഉള്ളില്‍ നിന്ന് എല്ലാവിധ പോരാട്ടവും നടത്തുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Tags:    

Similar News