മാസപ്പടി ആരോപണം: വീണാ വിജയന് തിരിച്ചടി; എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് കര്‍ണാടക ഹൈക്കോടതിയില്‍ തിരിച്ചടി. ആരോപണത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്(എസ്എഫ്‌ഐഒ) അന്വേഷണം തടയണമെന്ന ഹരജി തള്ളി. എസ്എഫ് ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് ഡയറക്ടര്‍ കൂടിയായ വീണ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് തള്ളിയത്. അതേസമയം, വിധിയുടെ വിശദവിവരങ്ങള്‍ ശനിയാഴ്ച രാവിലെ 10.30ന് നല്‍കാമെന്നും കോടതി വിശദീകരിച്ചു. എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയ ഉത്തരവ് ചോദ്യം ചെയ്താണ് എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. റജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു വകുപ്പ് ചുമത്തി സമാന്തര അന്വേഷണം നടത്തുന്നതിനെയാണ് എക്‌സാലോജിക് ചോദ്യം ചെയ്തത്. എന്നാല്‍, സിഎംആര്‍എലില്‍നിന്ന് 1.72 കോടി രൂപ എക്‌സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ഗുരുതര കുറ്റമാണെന്നും വിപുലമായ അധികാരമുള്ള ഏജന്‍സി തന്നെ അന്വേഷിണമെന്നുമായിരുന്നു എസ്എഫ്‌ഐഒയുടെ വാദം.
മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ഏറെ പ്രതിരോധത്തിലാക്കിയ മാസപ്പടി ആരോപണത്തില്‍ വീണയെ ചോദ്യം ചെയ്യാന്‍ എസ്എഫ്‌ഐഒ നീക്കം നടത്തുന്നതിനിടെയാണു ഹൈക്കോടതിയെ സമീപിച്ചത്. യാതൊരു സേവനവും നല്‍കാതെ എക്‌സാലോജിക്കിനു സിഎംആര്‍എല്‍ വന്‍ തുക കൈമാറിയെന്നായിരുന്നു കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇന്റിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് അന്വേഷണം എസ്എഫ്‌ഐഒയ്ക്ക് കൈമാറുകയായിരുന്നു.