മുഹമ്മദ് ഫാസിൽ വധക്കേസ് പ്രതികൾക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു

Update: 2024-03-17 17:29 GMT

മംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ സൂറത്ത്കല്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മംഗളപേട്ടയില്‍ മുഹമ്മദ് ഫാസിലിനെ (24) വെട്ടിക്കൊന്ന കേസിലെ മൂന്ന് മുഖ്യ പ്രതികള്‍ക്ക് കര്‍ണാടക ഹൈകോടതി ജാമ്യം അനുവദിച്ചു. കൊലപാതകത്തിന്റെ സൂത്രധാരന്‍ ബണ്ട്വാള്‍ താലൂക്കില്‍ കവലമധൂരു ഗ്രാമത്തിലെ സുഹാസ് ഷെട്ടി (29), മംഗളൂരു കാട്ടിപ്പള്ള മൂന്നാം ബ്ലോക്കിലെ അഭിഷേക് യനെ(23), കുളയിലെ മോഹന്‍ സിങ് യനെ (26) എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ലക്ഷം രൂപ വീതമുള്ള ബോണ്ട് മംഗളൂരു കോടതിയില്‍ കെട്ടിവെക്കണം. എല്ലാ ഞായറാഴ്ചകളിലും സൂറത്ത്കല്‍ പോലിസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം. മംഗളൂരു നഗരം വിട്ട് പുറത്തുപോവരുത്. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം. 2022 ജൂലൈ 26ന് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറു കൊല്ലപ്പെട്ടതിന് പിന്നാലെ 28നാണ് മംഗളൂരു സൂറത്ത്കലില്‍ വസ്ത്ര സ്ഥാപനത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മുഹമ്മദ് ഫാസിലിനെ (23) അക്രമികള്‍ വെട്ടിക്കൊന്ന് കാറില്‍ രക്ഷപ്പെട്ടത്. ബന്ധുവീട്ടില്‍ താമസിച്ച് ജോലി ചെയ്ത് കഴിയുകയായിരുന്ന കാസര്‍കോട് സ്വദേശി ബി മസൂദ് (19), പ്രവീണ്‍ നെട്ടാറു (32), മുഹമ്മദ് ഫാസില്‍ (23) എന്നിവര്‍ ദിവസങ്ങളുടെ ഇടവേളകളില്‍ കൊല്ലപ്പെട്ടത് ദക്ഷിണ കന്നട ജില്ലയില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Tags:    

Similar News