പുഞ്ചിരിമട്ടത്തെ താമസം സുരക്ഷിതമല്ലെന്ന് വിദഗ്ധ സംഘം; റിപോര്‍ട്ട് 10 ദിവസത്തിനകം
കല്‍പറ്റ: പുഞ്ചിരിമട്ടത്ത് അവശേഷിക്കുന്ന വീടുകളില്‍ താമസം സുരക്ഷിതമല്ലെന്ന് ദേശീയഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി. വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലയില്‍ പെയ്തത് ശക്തമായ മഴയാണെന്നും വിദ്ഗ്ധ സംഘം വ്യക്തമാക്കി. മൂന്നുദിവസം കൊണ്ട് 570 മില്ലിമീറ്റര്‍ മഴയാണ് പെയ്തതെന്ന് പ്രദേശം പരിശോധിച്ച ശേഷം സംഘം വ്യക്തമാകക്കി. പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെയാണ് സംഘം പരിശോധന നടത്തി. ചൂരല്‍മല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണ്. ഇവിടെ ഇനി നിര്‍മാണ പ്രവര്‍ത്തനം വേണോ എന്നത് സര്‍ക്കാരാണ് നയപരമായ തീരുമാനം എടുക്കേണ്ടതെന്നും ജോണ്‍ മത്തായി പറഞ്ഞു.
നേരത്തെയും മൂന്നുതവണ സമാനമായ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. ഉരുള്‍പൊട്ടി സീതമ്മക്കുണ്ടില്‍ താല്‍ക്കാലിക ഡാം പോലെ ഉണ്ടായതാണ് എട്ടു കിലോമീറ്റര്‍ദൂരത്തില്‍ ദുരന്തമുണ്ടാവാന്‍ കാരണം. ജലസംഭരണി പൊട്ടി ഒലിച്ചതിനാലാണ് ഇത്ര വലിയ ദുരന്തം ഉണ്ടായത്. വനപ്രദേശത്തായതിനാല്‍ മരങ്ങള്‍ കൂടി താഴേക്ക് പതിച്ചത് ആഘാതം വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയുടെ പ്രാഥമിക റിപോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കുമെന്നും ജോണ്‍ മത്തായി പറഞ്ഞു.