അധിക ഭൂമി; രേഖകള്‍ ഹാജരാക്കാന്‍ പി വി അന്‍വറിന് സമയം നീട്ടിനല്‍കി
ഫെബ്രുവരി 15ന് നടക്കുന്ന സിറ്റിങ്ങില്‍ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം.
കോഴിക്കോട്: ഭൂപരിധി ചട്ടം ലംഘിച്ച് അധിക ഭൂമി കൈവശംവച്ചെന്ന പരാതിയില്‍ രേഖകള്‍ ഹാജരാക്കാന്‍ പി വി അന്‍വറിനും കുടുംബത്തിനും താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് കൂടുതല്‍ സമയം അനുവദിച്ചു. ഫെബ്രുവരി 15ന് നടക്കുന്ന സിറ്റിങ്ങില്‍ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം.
നേരത്തെ താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് പി വി അന്‍വറിനും കുടുംബത്തിനുമെതിരേ നടപടിയെടുക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷമായിട്ടും ഇത് നടപ്പാക്കാത്ത സാഹചര്യത്തില്‍ വിവരാവകാശ കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചു. മിച്ചഭൂമി കണ്ടുകെട്ടല്‍ നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇത് നടപ്പാക്കാത്തതിനെതിരേ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ലാന്‍ഡ് ബോര്‍ഡ് പിവി അന്‍വറിനോടും കുടുംബത്തോടും ഹാജരാകാന്‍ പറഞ്ഞത്.
എന്നാല്‍, വിദേശത്തായതിനാല്‍ പി വി അന്‍വര്‍ എംഎല്‍എ ഹാജരായില്ല. അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടുകയായിരുന്നു.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലം തയ്യാറാക്കുമ്പോഴുണ്ടായ പിഴവാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും ഇത് ലാന്‍ഡ് ബോര്‍ഡിനെ ബോധിപ്പിക്കുമെന്നും പി വി അന്‍വറിന്റെ അഭിഭാഷകനും ബന്ധുവും പറഞ്ഞു.