'അതീവ ഗുരുതര സാഹചര്യം'; സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്ന് കെജിഎംഒഎ

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണ്. ആരോഗ്യമേഖലയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ചികിത്സ സംവിധാനങ്ങളിലെ പരിമിതിയും തിരിച്ചടിയാകുമെന്നും കെ ജിഎംഒഎ സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നു.

Update: 2021-04-29 08:07 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണ്. ആരോഗ്യമേഖലയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ചികിത്സ സംവിധാനങ്ങളിലെ പരിമിതിയും തിരിച്ചടിയാകുമെന്നും കെ ജിഎംഒഎ സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നു.

സമ്പൂര്‍ണ അടച്ചിടല്‍ വേണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന ഭിന്നാഭിപ്രായം പരസ്യമാക്കുന്നത്. ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം 75 ശതമാനത്തിനും മുകളിലാണ്. 35000 ല്‍ അധികം പേര്‍ക്കാണ് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മേലാണ്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കണം. കൊവിഡ് ആശുപത്രികള്‍ ഗുരുതര രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. കൂടുതല്‍ ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കണം. പിപിഇ കിറ്റുകളുടെ ലഭ്യത യുദ്ധാകാലടിസ്ഥാനത്തില്‍ ഉറപ്പാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിശ്ചിത കിടക്കകള്‍ മാറ്റി വയ്ക്കണമെന്നും കെജിഎംഒഎ കത്തില്‍ വ്യക്തമാക്കി.

പരിശോധിക്കുന്ന നാല് പേരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു എന്നാണ് കണക്ക്. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടേയും പകരാം. ഈ സാഹചര്യത്തില്‍ പൊതു ഇടങ്ങളില്‍ ആളുകളെത്തുന്നത് നിയന്ത്രിച്ചേ മതിയാകൂ. രോഗ വ്യാപനത്തിന്റെ കണ്ണി മുറിയ്ക്കാന്‍ ലോക്ക് ഡൗണ്‍ അനിവാര്യമാണെന്നാണ് കെജിഎംഒഎ വ്യക്തമാക്കുന്നത്.

ലോക്ക്ഡൗണിന് സമാന കര്‍ശന നിയന്ത്രണം വേണമെന്ന് നേരത്തെ ഐഎംഎയും ആവശ്യപ്പെട്ടിരുന്നു. സമ്പൂര്‍ണ അടച്ചിടലിനോട് സര്‍ക്കാരിനും പ്രതിപക്ഷത്തിനും യോജിപ്പില്ല. ഇതറിഞ്ഞുതന്നെ വിദഗ്ധ സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ പലരും രോഗ വ്യാപന നിയന്ത്രണത്തിന് ഏറ്റവും കുറഞ്ഞ സമയത്തേക്കെങ്കിലും ലോക്ക്ഡൗണ്‍ അനിവാര്യമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Tags:    

Similar News