ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ നാലുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
ന്യൂഡല്‍ഹി: ട്വിറ്ററിലെ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ നാലുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പട്യാല ഹൗസ് കോടതി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റാണ് വാദം കേട്ട ശേഷം മുഹമ്മദ് സുബൈറിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്. വാര്‍ത്തകളുടെ ആധികാരികത പരിശോധിക്കുന്ന ഫാക്ട് ഫൈന്‍ഡിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈര്‍ 2018ല്‍ നടത്തിയ ട്വിറ്റര്‍ പരാമര്‍ശത്തിന്റെ പേരിലാണ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡല്‍ഹി പോലിസ് തിങ്കളാഴ്ച അറസ്റ്റുചെയ്തത്.
തിങ്കളാഴ്ച രാത്രി വൈകി ഡല്‍ഹി സ്‌പെഷ്യല്‍ പോലിസിന്റെ കസ്റ്റഡിയില്‍ വിട്ട മുഹമ്മദ് സുബൈറിനെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പട്യാല ഹൗസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. വിശദമായ ചോദ്യം ചെയ്യലിന് ഡല്‍ഹി പോലിസ് സുബൈറിനെ ഏഴ് ദിവസത്തെ കസ്റ്റഡിയിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും തിങ്കളാഴ്ച രാത്രി ഒരുദിവസത്തേക്ക് മാത്രമാണ് മജിസ്‌ട്രേറ്റ് കസ്റ്റഡി അനുവദിച്ചത്. ദേശീയ സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് 1983ല്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമയിലെ രംഗമാണ് മുഹമ്മദ് സുബൈര്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇതേ ചിത്രം തന്നെ മറ്റു ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ടെന്നും മറ്റുള്ള ട്വീറ്റുകളും ഇതും തമ്മിലുള്ള വ്യത്യാസം പ്രതിയുടെ ജോലി, പേര്, വിശ്വാസം തുടങ്ങിയവയാണെന്ന് സുബൈറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക വൃന്ദാ ഗ്രോവര്‍ പട്യാല ഹൗസ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
സുബൈര്‍ 2018ല്‍ നടത്തിയ ട്വീറ്റില്‍ ഇപ്പോള്‍ കൃത്രിമത്വം കാണിച്ചുവെന്നുള്ള ഡല്‍ഹി പോലിസിന്റെ വാദത്തെ പിന്താങ്ങിയ പബ്ലിക് പ്രോസിക്യൂട്ടര്‍ ട്വീറ്റ് ചെയ്യാന്‍ ഉപയോഗിച്ച മുഹമ്മദ് സുബൈറിന്റെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതെത്തുടര്‍ന്ന് വീട്ടില്‍ നിന്ന് ലാപ്‌ടോപ്പ് വീണ്ടെടുക്കാന്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോകാന്‍ കോടതി പോലിസ് കസ്റ്റഡി അനുവദിക്കുകയായിരുന്നു.
ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ സുബൈറിന്റെ അഭിഭാഷക സംഘം നാളെ സെഷന്‍സ് കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം, മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയും പ്രസ്താവനയിറക്കി. അറസ്റ്റിനെ ശക്തമായി അപലപിക്കുന്നു. ജര്‍മനയില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ആ വാക്കുകള്‍ പാലിക്കണം. വ്യാജവാര്‍ത്തകളുടെയും തെറ്റായ വിവരങ്ങളുടെയും പ്രചരണം തടയുന്നതിനും വിവരശേഖരണം നടത്തുകയും ചെയ്യുന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനാണ് മുഹമ്മദ് സുബൈറെന്നും പ്രസ്താവനയില്‍ പറയുന്നു.