സാമൂഹിക മാധ്യമങ്ങളില്‍ വ്യാജകാംപയിന്‍; പിന്നില്‍ ബിജെപിയുടെ നിഗൂഢ സംഘങ്ങള്‍

ഐബിഎമ്മിന് രാജ്യവ്യാപകമായി 12 മേഖലാ ഓഫിസുകളും കുറഞ്ഞത് 161 ജീവനക്കാരുമുണ്ട്

Update: 2019-04-05 10:39 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ ജയിക്കുകയെന്ന ലക്ഷ്യത്തോടെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ബിജെപിക്ക് നിഗൂഢ സംഘങ്ങള്‍. വിവിധ എന്‍ജിഒകളുടെയും വനിതാസംഘടനകളുടെയും പേരിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് റിപോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷായുടെയും നിര്‍ദേശങ്ങള്‍ പ്രകാരമാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ഏതെങ്കിലും വിധത്തില്‍ ബിജെപിയുമായോ നേതാക്കളുമായോ ബന്ധം പ്രകടിപ്പിക്കാത്ത വിധത്തിലാണ് സംഘത്തിന്റെ പ്രചാരണം. ഇത്തരത്തിലുള്ള പേജുകള്‍ ലക്ഷക്കണക്കിനു പേരാണ് പിന്തുടരുന്നത്. ഭാരത് കേ മന്‍ കി ബാത്ത്(3000 കെ), നാഷന്‍ വിത്ത് നമോ(1.10 മില്ല്യണ്‍), ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍(2.7 മില്ല്യണ്‍), മഹാതഗ്ബന്ധന്‍(800 കെ), ഇന്ത്യ അണ്‍റാവല്‍ഡ്(152 കെ), മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി(74 കെ) തുടങ്ങിയ ഏതാനും പേജുകളില്‍ ഇത്തരത്തിലാണ് ലൈക്ക് ചെയ്തിട്ടുള്ളത്. മോദി സെക്കന്‍ഡ് എന്ന പേരില്‍ കഴിഞ്ഞ ആഴ്ച വേറൊരു പേജും കൂടി തുടങ്ങിയിട്ടുണ്ട്.

കഠ്‌വ പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് ഷെഹ്‌ല റാഷിദ് പണം കൈപ്പറ്റിയെന്നു വ്യാജവാര്‍ത്തപ്രസിദ്ധീകരിച്ചപ്പോള്‍(ഫയല്‍ ചിത്രം)

    2014ലെ തിരഞ്ഞെടുപ്പിനു വേണ്ടി 2013 ആഗസ്തില്‍ തന്നെ ഇത്തരത്തില്‍ ഒരു വനിതാ ശാക്തീകരണ സംഘം രൂപീകരിച്ച് വിജയകരമായി പദ്ധതികള്‍ നടപ്പാക്കുന്നതിനു നേതൃത്വം നല്‍കിയത് മോദിയുടെ കാംപയിന്‍ റിസര്‍ച്ച് ഉപദേഷ്ടാവായ പ്രശാന്ത് കിഷോറാണ്. വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ് അക്കൗണ്ടുകള്‍ കണ്ടെത്തി ബിജെപിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കു നല്‍കുകയാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി. 2013 ആഗസ്ത് 10നു ഈ ആവശ്യം മുന്നില്‍ക്കണ്ടാണ് ദുര്‍ഗാദേവിയുടെ മറ്റൊരു നാമമായ ശര്‍വാണിയുടെ പേരില്‍ അഹമ്മദാബാദില്‍ ശര്‍വാണി ഫൗണ്ടേഷന്‍ രൂപീകരിച്ചത്. ജെറ്റ് എയര്‍വേയ്‌സിലെ മുന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റും സെയില്‍സ് സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റുമാണ് ഫൗണ്ടേഷന്റെ ഉടമകള്‍. ഇയാളുടെ ഭാര്യയും സഹോദരിയുമാണ് മറ്റു ഉടമസ്ഥര്‍. തിരഞ്ഞെടുപ്പ് ജയിക്കുകയും അമിത് ഷാ ബിജെപി അധ്യക്ഷനാവുകയും ചെയ്തതോടെ പ്രവര്‍ത്തനം മരവിച്ച ശര്‍വാണി ഫൗണ്ടേഷന്‍, ബീഹാറിലെ ബിജെപിയുടെ കനത്ത പരാജയത്തോടെ വീണ്ടും പുനരാരംഭിച്ചു. ശര്‍വാണി ഫൗണ്ടേഷന്‍ ഇപ്പോള്‍ അസോസിയേഷന്‍ ഓഫ് ബില്ല്യണ്‍ മൈന്റ്‌സ്(എബിഎം) എന്ന പേരുമാറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. ഗുജറാത്തിലെ വ്യാപാരിയായ ദീപക് പട്ടേല്‍, മുന്‍ മക്കെന്‍സി കണ്‍സല്‍ട്ടന്റ് ഹിമാന്‍ഷു സിങ് എന്നിവരും നിരവധി അഭിഭാഷകരും ഐഐടി എന്‍ജിനീയര്‍മാരും യുവ പ്രഫഷനല്‍മാരുമാണ് ഇതിലുള്ളത്. തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ വഴി വോട്ടര്‍മാരെ സ്വാധീനിക്കുകയാണ് ഇവരുടെ ലക്ഷ്യം. എബിഎമ്മിന്റെ പ്രചാരണം പലപ്പോഴും വിദ്വേഷം ജനിപ്പിക്കുന്നതും പൗരന്‍മാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതുമാണ്. ഈയിടെ ഇന്ത്യാ ടുഡേ നടത്തിയ പരിപാടിയില്‍ എബിഎമ്മിനെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞത്. ഐബിഎമ്മിന് രാജ്യവ്യാപകമായി 12 മേഖലാ ഓഫിസുകളും കുറഞ്ഞത് 161 ജീവനക്കാരുമുണ്ട്. എക്‌സ്പ്രസ് ബെംഗളൂര്‍, ബെംഗളൂരു മിറര്‍, ബെംഗളൂരു ഹെറാള്‍ഡ്, ബെംഗളൂരു ടൈംസ്, ഭാരത് പോസിറ്റീവ്.ഇന്‍ തുടങ്ങിയ പേരുകളില്‍ വെബ്‌സൈറ്റുകളും പേജുകളും ഉണ്ടാക്കുകയാണ്. ലക്ഷക്കണക്കിനു വരുന്ന ഫേസ്ബുക്ക് ഫോളോവര്‍മാര്‍ക്ക് മേം ഭീ ഛോക്കീദാര്‍, നാഷന്‍ വിത്ത് നമോ, ഭാരത് കീ മന്‍ കീ ബാത്ത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഷെയര്‍ ചെയ്യുകയാണു ചെയ്യുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങിനെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി റാലികളും പ്രസംഗങ്ങളും പൊതുപരിപാടികളും സംഘടിപ്പിക്കും. ഫേസ്ബുക്കിലെ ഏറ്റവും വലിയ രണ്ടു പേജുകള്‍ നിയന്ത്രിച്ചത് എബിഎം ആയിരുന്നു. നൂറു കണക്കിന് പേജുകളിലൂടെ മോദിക്കു വേണ്ടി പ്രചാരണം കൊഴുപ്പിക്കുകയാണ്. എബിഎമ്മിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ ശമ്പളം കൈപറ്റുന്നവരും സൗജന്യമായി പ്രവര്‍ത്തിക്കുന്ന ബിജെപി കാഡര്‍മാരുമുണ്ട്. ഇവരില്‍ പലരും അമിത്ഷായുമായി അതീവരഹസ്യമായി അടുത്തബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ഹഫ് പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. കര്‍ണാടക ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതര പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരേ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നു. വ്യാജ സര്‍വേ നടത്തി ഫലം പ്രഖ്യാപിച്ച് ബിജെപി അനുകൂല തരംഗമാണെന്ന് പ്രചരിപ്പിക്കാന്‍ വെബ്‌സൈറ്റുകളിലൂടെ ശ്രമിച്ചു. ഭാരത്‌പോസ്റ്റ്.ഇന്‍ എന്ന വെബ്‌സൈറ്റിനും ഫേസ്ബുക്ക് പേജിനും 10 ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. കശ്മീരിലെ കഠ്‌വയില്‍ കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ കുടുംബത്തിനെന്നു പറഞ്ഞ് ഷെഹ്‌ല റാഷിദ് പണം കൈപ്പറ്റിയെന്ന വ്യാജവാര്‍ത്ത നല്‍കിയത് ഈ ഫേസ്ബുക്ക് പേജിലാണ്.
   എബിഎമ്മിലെ ജീവനക്കാരനായ നിഖില്‍ മെഹ്‌റയാണ് 2017 ഭാരത് പോസിറ്റീവ് ഉണ്ടാക്കിയത്. കര്‍ണാടക തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പേജിന്റെ ഉടമസ്ഥാവകാശം എബിഎം ജീവനക്കാരന്റെ പേരിലേക്ക് മാറ്റിയതായും ഇതില്‍ കൊടുത്ത നമ്പര്‍ മുന്‍ എബിഎം ജീവനക്കാരനായ മുകുള്‍ ജിന്‍ഡാലിന്റേതാണെന്നും ഹഫ് പോസ്റ്റ് കണ്ടെത്തി. എന്നാല്‍, മെഹ്‌റയ്ക്കും ജിന്‍ഡാലിനും ഇതേക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. പുല്‍വാമ ആക്രമണത്തില്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചപ്പോള്‍ 21000 ലൈക്കും 13000 ഷെയറുമാണുണ്ടായത്. ഇത്തരം പേജുകളുടെയും സൈറ്റുകളുടെയും ചിലതിന്റെ വിലാസം നല്‍കിയിരിക്കുന്നത് ഡല്‍ഹിയിലെ ബിജെപി ഓഫിസിന്റേതിനു സമാനമാണ്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഐബിഎം ഇത്തരം പ്രചാരണങ്ങള്‍ നടത്തിയിരുന്നെങ്കിലും അതൊന്നും ബിജെപിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെട്ടിരുന്നില്ല. 2016-17 സാമ്പത്തിക വര്‍ഷം ബിജെപിക്കു വേണ്ടിയുള്ള ആദ്യപ്രചാരണത്തിനു 16.9 കോടി രൂപയാണ് ചെലവിട്ടത്. ഇതില്‍ ഭൂരിഭാഗവും ശമ്പളത്തിനും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവയ്ക്കായിരുന്നു. അടുത്ത വര്‍ഷമാവുമ്പോഴേക്കും ചെലവ് 23.5 കോടിയായി ഉയര്‍ന്നു. വിദേശത്തു നിന്ന് ഉള്‍പ്പെടെ നിരവധി പേരാണ് ഇവര്‍ക്കു സഹായം നല്‍കുന്നത്. 2013 നവംബറില്‍ തുടങ്ങിയ നമോ വിത്ത് നാഷന്‍ എന്ന പേജ് ഒരാഴ്ചയ്ക്കു ശേഷം സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടബിള്‍ ഗവേണന്‍സ്(സിഎജി) എന്നു പേരുമാറ്റി. 2013ല്‍ ആദ്യമായി ബിജെപിയാണ് ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഡിജിറ്റല്‍ കാംപയിന്‍ തുടങ്ങിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പകരം പ്രഫഷനലുകളെയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. മോദിക്ക് ഗുജറാത്തില്‍ രണ്ടാമൂഴം നല്‍കിയതോടെയാണ് പ്രചാരണത്തിന്റെ സാധ്യതകളെ കൂടുതല്‍ ഉപയോഗിച്ചുതുടങ്ങിയത്. 2014ല്‍ മോദി പ്രധാനമന്ത്രിയായതോടെ ബിജെപി കിഷോറിനെ ഒഴിവാക്കിയപ്പോള്‍ ബീഹാറിലെ നിതീഷ്‌കുമാറിന്റെ ജനതാദള്‍(യു)വിന്റെ പ്രചാരണത്തിലേര്‍പ്പെട്ടു. മോദിക്കെതിരേ മോദിയുടെ വജ്രായുധം തന്നെ ഉപയോഗിക്കുകയെന്ന തന്ത്രമാണ് പ്രാവര്‍ത്തികമാക്കിയത്. 2016 ഫെബ്രുവരിക്കു ശേഷം ശര്‍വാണി ഫൗണ്ടേഷന്‍ പേരുമാറ്റാനായി അപേക്ഷ നല്‍കി. സിറ്റിസണ്‍ ഫോര്‍ ഹോപ് ആന്റ് ചേയ്ഞ്ച്, സിറ്റിസണ്‍സ് ഫോര്‍ ക്ലിനിക്കല്‍ ചേയ്ഞ്ച് അസോസിയേഷന്‍ തുടങ്ങിയ പേരുകള്‍ നല്‍കിയതില്‍ അവസാനം അസോസിയേഷന്‍ ഓഫ് ബില്ല്യന്‍ മൈന്റ്‌സ്-എബിഎം എന്ന പേര് സ്വീകരിക്കുകയായിരുന്നു.




Tags:    

Similar News