വ്യാജ പീഡനക്കേസ് തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയ പോലിസുകാരന്‍ അറസ്റ്റില്‍
പീഡനം നടന്നുവെന്ന് സ്ത്രീ പറയുന്ന സ്ഥലത്ത് ഇയാള്‍ ഉണ്ടായിരുന്നില്ല എന്നും കണ്ടെത്തി.
മുംബൈ: വ്യാജ പീഡനക്കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ യുവാവില്‍ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പോലിസുകാരന്‍ അറസ്റ്റില്‍. മറ്റൊരു പോലിസുകാരന്‍ ഒളിവില്‍ പോയി. മുംബൈയിലെ നയാനഗര്‍ പോലിസ് സ്‌റ്റേഷനിലെ പ്രത്മേശ് പാട്ടീല്‍ എന്ന പോലിസുകാരനാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ അസിസ്റ്റന്റ് പോലിസ് ഇന്‍സ്‌പെക്ടര്‍ അമിത് അഹലാണ് ഒളിവില്‍ പോയിരിക്കുന്നത്. ഇയാളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി വിജിലന്‍സ് വകുപ്പ് അറിയിച്ചു.
മീരറോഡ് പ്രദേശത്തെ യുവാവിനെതിരെ ഒരു സ്ത്രീ നല്‍കിയ പരാതി വ്യാജമാണെന്ന് പോലിസ് കണ്ടെത്തിയിരുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് സ്ത്രീ വ്യാജപരാതി നല്‍കിയത്. എന്നാല്‍, ഈ കേസിലെ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് കോടതിയില്‍ റിപോര്‍ട്ട് നല്‍കണമെങ്കില്‍ നാലര ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നാണ് പോലിസുകാര്‍ യുവാവിനോട് ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്ക് ശേഷം നാലര ലക്ഷത്തിന് പകരം ഒരു ലക്ഷം രൂപയില്‍ ധാരണയിലെത്തി.
എന്നാല്‍, വിജിലന്‍സ് ഉദ്യോഗസ്ഥരുമായി യുവാവ് ഇക്കാര്യം പങ്കുവച്ചു. തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് പോലിസുകാരന്‍ അറസ്റ്റിലാവുന്നത്. പീഡനക്കേസിലെ പ്രതി നിരപരാധിയാണോ എന്നും വിജിലന്‍സ് സംഘം പ്രാഥമികമായി പരിശോധിച്ചു. പീഡനം നടന്നുവെന്ന് സ്ത്രീ പറയുന്ന സ്ഥലത്ത് ഇയാള്‍ ഉണ്ടായിരുന്നില്ല എന്നും കണ്ടെത്തി.