ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചെന്ന് വ്യാജപ്രചാരണം; ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്കു ശ്രമിച്ചു

Update: 2020-05-31 09:26 GMT

കണ്ണൂര്‍: ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന വ്യാജപ്രചാരണത്തില്‍ മനംനൊന്ത് ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്കു ശ്രമിച്ചു. കണ്ണൂര്‍ ജില്ലയിലെ ന്യൂ മാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. രക്തസമ്മര്‍ദ്ദത്തിനുള്ള 20 ഗുളികകള്‍ ഒന്നിച്ച് കഴിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇവരുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആത്മഹത്യാക്കുറിപ്പില്‍ സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവരെയാണു കുറ്റപ്പെടുത്തുന്നത്. സഹപ്രവര്‍ത്തകന്‍ ഉള്‍പ്പടെ നാലുപേരാണെന്ന് തന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് കുറിപ്പില്‍ പറയുന്നത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

    ശുചിത്വം പാലിക്കാതെയും അശ്രദ്ധമായുമാണ് താന്‍ ജോലി ചെയ്‌തെന്നാണ് ചിലര്‍ വ്യാജപ്രചാരണം നടത്തുന്നുണ്ടെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് കുറിപ്പിലുള്ളത്. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന തന്നോട് ചിലര്‍ എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ല. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഒരു അവധി പോലും എടുക്കാതെ രോഗീപരിചരണം നടത്തുന്ന തനിക്കെതിരേ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. താന്‍ വീടുകളില്‍ പോയി രോഗികളെ പരിചരിക്കാറുണ്ട്. അവിടെനിന്നൊന്നും ഇന്നുവരെ ഒരു പരാതിയും പിഎച്ച്‌സിയില്‍ ലഭിച്ചിട്ടില്ല. തന്നെപ്പോലുള്ള കമ്മ്യൂണിറ്റി നഴ്‌സുമാരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.


Tags:    

Similar News