റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് അനുമതി; ഒരു ലക്ഷം ട്രാക്ടറുകള്‍ അണിനിരത്താന്‍ ആഹ്വാനം
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് ട്രാക്ടര്‍ റാലിക്ക് അനുമതി ലഭിച്ചതായി കര്‍ഷക സംഘടനകള്‍. ഡല്‍ഹി നഗരത്തില്‍ ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്തുമെന്നും ഇത് സംബന്ധിച്ച് പോലിസുമായി ധാരണയിലെത്തിയെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ്, പശ്ചിമ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് കര്‍ഷകരാണ് രാലിയില്‍ പങ്കടിക്കുന്നത്. റാലി സമാധാനപരമായിരിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. ഒരു ലക്ഷം ട്രാക്ടറുകള്‍ അണനിരത്തിയുള്ള റാലിക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രതിഷേധം അക്രമാസക്തമാകുമെന്ന് ചില മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും, സമാധാനപരമായി തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നാണ് സംഘടനകള്‍ അറിയിക്കുന്നത്. റാലിയുടെ സഞ്ചാര പാത നാളെ തീരുമാനിക്കും.
ട്രാക്ടര്‍ റാലി പാത മാറ്റുന്നതിനെ സംബന്ധിച്ച് ഡല്‍ഹി പോലിസിലെ ഉന്നത ഉദ്യോഗസ്ഥന്‍ കര്‍ഷക നേതാക്കളെ കണ്ടിരുന്നു. മൂന്ന് സമാന്തര പാതകളാണ് പോലിസ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഈ നിര്‍ദ്ദേശമാണോ കര്‍ഷകര്‍ അംഗീകരിച്ചതെന്ന് വ്യക്തമല്ല. ദില്ലി നഗരത്തിലൂടെ റാലി നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു നേരത്തേ പൊലീസിന്റെ നിലപാട്.
കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നാല്‍പത് കാര്‍ഷിക നേതാക്കളും തമ്മില്‍ വെള്ളിയാഴ്ച നടന്ന 11-ാമത് ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായിരുന്നു. കാര്‍ഷിക നിയമം ഭേദഗതി പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. സമരം ശക്തമായി തുടരുമെന്ന് സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.