'നിയമം പിന്‍വലിക്കുന്നത് വരേ കര്‍ഷക പ്രക്ഷോഭം'; ഡിസംബര്‍ വരേയുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ടികായത്ത്

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കി പ്രക്ഷോഭം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് ഫലവത്താവില്ല. സമരത്തിലുള്ള കര്‍ഷകര്‍ക്ക് ഒരേ സമയം തങ്ങളുടെ വിളകളും പ്രക്ഷോഭങ്ങളും നോക്കാമെന്ന് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-03-26 03:51 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരേ കര്‍ഷക പ്രക്ഷോഭം തുടരുമെന്ന് ആവര്‍ത്തിച്ച് ബികെയു നേതാവ് രാകേഷ് ടികായത്ത്. നവംബര്‍-ഡിസംബര്‍ മാസം വരെ സമരം നടത്താനുള്ള ഒരുക്കള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാസിപ്പൂരിലെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ടികായത്ത് ഹരിയാനയില്‍ കര്‍ണാല്‍ ജില്ലയിലെ അസന്ദില്‍ കര്‍ഷക മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു.

'നിയമങ്ങള്‍ റദ്ദാക്കാതെ പ്രക്ഷോഭത്തിലുള്ള കര്‍ഷകരെ പിന്‍മാറ്റാനാവില്ല. നവംബര്‍-ഡിസംബര്‍ വരെ സമരം തുടര്‍ന്ന് കൊണ്ട് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കാര്‍ഷിക പരിഷ്‌കാര നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് നിയമപരമായ ഉറപ്പ് കര്‍ഷകര്‍ക്ക് ലഭിക്കണം'. ടികായത്ത് ആവര്‍ത്തിച്ചു.

'ഹരിയാന ഒരു പ്രക്ഷോഭത്തെ പിന്തുണയ്ക്കുമ്പോള്‍ സര്‍ക്കാര്‍ വിറയ്ക്കുന്നുമെന്ന് ടികായത്ത് സാഹിബ് പറയുമായിരുന്നു'. അന്തരിച്ച പിതാവ് മഹേന്ദര്‍ സിംഗ് ടികായത്തിനെ പരാമര്‍ശിച്ച് രാകേഷ് ടികായത്ത് പറഞ്ഞു. കര്‍ഷകനെ മാത്രമല്ല മറ്റ് വിഭാഗങ്ങളെയും കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ പ്രതികൂലമായി ബാധിക്കും. ഈ പോരാട്ടം കര്‍ഷകരുടെ മാത്രമല്ല, പാവപ്പെട്ട, ചെറുകിട വ്യാപാരികള്‍ക്കും വേണ്ടിയുള്ളതാണ്'. അദ്ദേഹം പറഞ്ഞു.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കി പ്രക്ഷോഭം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് ഫലവത്താവില്ല. സമരത്തിലുള്ള കര്‍ഷകര്‍ക്ക് ഒരേ സമയം തങ്ങളുടെ വിളകളും പ്രക്ഷോഭങ്ങളും നോക്കാമെന്ന് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'കൊറോണയുടെ പേരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്, പക്ഷേ ഞങ്ങളുടെ പ്രക്ഷോഭം തുടരും. ഞങ്ങള്‍ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കും, പക്ഷേ ഞങ്ങള്‍ ധര്‍ണ അവസാനിപ്പിക്കില്ല. കര്‍ഷകരുടെ പ്രക്ഷോഭത്തിന് കര്‍ണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്'. ടികായത്ത് പറഞ്ഞു.

Tags:    

Similar News