'ഒരു സമിതിക്ക് മുമ്പാകെയും ഹാജരാകില്ല, സമരം ശക്തമായി തുടരും'; ഇന്ന് കാര്‍ഷിക ബില്ലുകള്‍ കത്തിച്ച് പ്രതിഷേധം

താല്‍കാലികമായ നീക്കങ്ങള്‍ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങള്‍ പിന്‍വലിക്കണമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കുന്നു.

Update: 2021-01-13 01:33 GMT

ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങളെ കുറിച്ച് പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച സുപ്രീംകോടതിയുടെ നടപടിക്കെതിരേ എതിര്‍പ്പ് ശക്തമാവുന്നു. സമിതിക്കെതിരെ കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിക്കഴിഞ്ഞു. സമിതിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍. നിയമത്തെ അനുകൂലിക്കുന്നവരാണ് സമിതിയിലെന്നും ഇതിനുപിന്നില്‍ കേന്ദ്രം സര്‍ക്കാരാണെന്നും കര്‍ഷക സംഘടനകള്‍ അഭിപ്രായപ്പെട്ടു. ഒരു സമിതിക്ക് മുമ്പാകെയും ഹാജരാകില്ലെന്നും സമരം ശക്തമായി തുടരാനും തീരുമാനിച്ചതായി പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

സമരം ശക്തമായി തുടരാന്‍ തന്നേയാണ് സംഘടനകളുടെ തീരുമാനം. കാര്‍ഷിക ബില്ലുകള്‍ കത്തിച്ച് കര്‍ഷകര്‍ ഇന്ന് പ്രതിഷേധിക്കും. 18ാം തിയതി വനിതകളെ അണിനിരത്തിയുള്ള രാജ്യവ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡും നടത്തുവാനാണ് തീരുമാനം. എന്നാല്‍ ട്രാക്റ്റര്‍ പരേഡ് നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലിസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി കര്‍ഷക സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ഷക സംഘടനകളുടെ നേതാക്കളും ഇന്ന് യോഗം ചേരും.

താല്‍കാലികമായ നീക്കങ്ങള്‍ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങള്‍ പിന്‍വലിക്കണമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കുന്നു.

സമിതിയിലെ രണ്ട് കര്‍ഷക നേതാക്കളും നേരത്തെ നിയമത്തെ അനുകൂലിച്ച് കത്ത് നല്കിയവരാണെന്നും വിഗദ്ധരായ അശോക് ഗുലാത്തിയും ജോഷിയും പരിഷ്‌ക്കാരത്തിന് ശുപാര്‍ശ നല്കിയവരെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. വിദഗ്ധ സമിതി രൂപീകരിക്കാനുള്ള കേന്ദ്ര നിര്‍ദേശം നേരത്തെ കര്‍ഷക സംഘടനകള്‍ തള്ളിയതാണ്. പുതിയ സമിതിയില്‍ അതിനാല്‍ പ്രതീക്ഷയില്ലെന്നാണ് സംഘടനകളുടെ നിലപാട്. പഞ്ചാബില്‍ നിന്നുള്ള 31 കര്‍ഷക സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ സമിതിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സുപ്രീം കോടതിയുടെ താല്‍ക്കാലിക ഇടപെടലിന് വഴങ്ങി സമരം അവസാനിപ്പിച്ചാല്‍ നിയമങ്ങള്‍ റദ്ദാകില്ലെന്നാണ് പൊതുവികാരം.

സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിക്കെതിരെ നേരത്തെ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. കര്‍ഷകവിരുദ്ധ നിയമങ്ങളെ പിന്തുണച്ചവരില്‍ നിന്ന് നീതി പ്രതീക്ഷിക്കാമോയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം അവസാനിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നിയമം സ്‌റ്റേ ചെയ്തത് ശരിയായ ദിശയിലുള്ള തീരുമാനമാണെന്നും എന്നാല്‍ കോടതി രൂപീകരിച്ച സമിതിക്ക് എന്ത് ആധികാരികതയാണ് ഉള്ളതെന്നുമായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചത്.

അതേസമയം നാലംഗ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തില്‍ ചേരണം. സുരക്ഷ കണക്കാക്കി സമരം അവസാനിപ്പിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. താങ്ങുവില തുടരുമെന്നും പുതിയ നിയമം കാരണം കര്‍ഷകരുടെ ഭൂമി നഷ്ടപ്പെടരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഭുപീന്ദര്‍ സിംഗ് മാന്‍, മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് അനില്‍ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാര്‍ ജോഷി എന്നിവരാണ് സമിതി അംഗങ്ങള്‍.

Tags:    

Similar News