കര്‍ഷകരുടെ സമരം അന്‍പത്തൊന്നാം ദിനത്തിലേക്ക്; കേരളത്തില്‍ നിന്നുള്ളവര്‍ ഇന്ന് സമരത്തില്‍ പങ്കാളികളാവും

കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച വോളണ്ടിയര്‍മാര്‍ ഇന്ന് ഷാജഹാന്‍പൂര്‍ അതിര്‍ത്തിയിലെത്തി സമരത്തില്‍ പങ്കാളികളാകും.

Update: 2021-01-14 04:14 GMT

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിവരുന്ന സമരം അന്‍പത്തൊന്നാം ദിനത്തിലേക്ക് കടന്നു. കര്‍ഷക സമരത്തിന്റെ ഭാഗമാകാന്‍ കേരളത്തില്‍ നിന്നും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച വോളണ്ടിയര്‍മാര്‍ ഇന്ന് ഷാജഹാന്‍പൂര്‍ അതിര്‍ത്തിയിലെത്തി സമരത്തില്‍ പങ്കാളികളാകും.

സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും നേരത്തെ രംഗത്തെത്തിയിരുന്നു. സമിതിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍. നിയമത്തെ അനുകൂലിക്കുന്നവരാണ് സമിതിയിലെന്നും ഇതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും കര്‍ഷക സംഘടനകള്‍ അഭിപ്രായപ്പെട്ടു. ഒരു സമിതിക്ക് മുമ്പാകെയും ഹാജരാകില്ലെന്നും സമരം ശക്തമായി തുടരാനും തീരുമാനിച്ചതായി പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്‌തെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സുപ്രീം കോടതി നിയമിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിലും മാറ്റമില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

18ാം തിയതി വനിതകളെ അണിനിരത്തിയുള്ള രാജ്യ വ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡും നടത്തുവാനാണ് കര്‍ഷകരുടെ തീരുമാനം. ട്രാക്റ്റര്‍ പരേഡ് നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലിസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി കര്‍ഷക സംഘടനകള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. താല്‍കാലികമായ നീക്കങ്ങള്‍ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങള്‍ പിന്‍വലിക്കണമെന്നും സംഘടനാ നേതാക്കള്‍ പറയുന്നു. നിയമങ്ങള്‍ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്ത സുപ്രീം കോടതി നടപടി സ്വാഗതം ചെയ്യുമ്പോഴും സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ സ്വതന്ത്ര നിലപാടുള്ള ആരും ഇല്ലെന്നതാണ് പ്രധാന വിമര്‍ശനമായി ഉയരുന്നത്.

സമിതിയിലെ രണ്ട് കര്‍ഷക നേതാക്കളും നേരത്തെ നിയമത്തെ അനുകൂലിച്ച് കത്ത് നല്കിയവരാണെന്നും വിഗദ്ധരായ അശോക് ഗുലാത്തിയും ജോഷിയും പരിഷ്‌ക്കാരത്തിന് ശുപാര്‍ശ നല്കിയവരെന്നും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. വിദഗ്ധ സമിതി രൂപീകരിക്കാനുള്ള കേന്ദ്ര നിര്‍ദേശം നേരത്തെ കര്‍ഷക സംഘടനകള്‍ തള്ളിയതാണ്. പുതിയ സമിതിയില്‍ അതിനാല്‍ പ്രതീക്ഷയില്ല. പഞ്ചാബില്‍ നിന്നുള്ള 31 കര്‍ഷക സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ സമിതിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സുപ്രീം കോടതിയുടെ താല്‍ക്കാലിക ഇടപെടലിന് വഴങ്ങി സമരം അവസാനിപ്പിച്ചാല്‍ നിയമങ്ങള്‍ റദ്ദാകില്ലെന്നാണ് പൊതുവികാരം.

Tags:    

Similar News