പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി കേന്ദ്രം; കാര്‍ഷിക നിയമത്തില്‍ ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ച
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ചയെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി കേന്ദ്ര സര്‍ക്കാര്‍. ഉപാധികളോടെ പ്രത്യേക ചര്‍ച്ചയാകാമെന്ന് കേന്ദ്രം വ്യക്തമാക്കി. വിഷയത്തിന്മേല്‍ വെള്ളിയാഴ്ച ലോക്‌സഭയില്‍ ചര്‍ച്ച നടന്നേക്കും.
നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കാനും ബജറ്റ് പാസാക്കാനും ചില ബില്ലുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ അനുവദിക്കണമെന്നത് അടക്കമാണ് ഉപാധികള്‍. കേന്ദ്രത്തിന്റെ ഈ ഉപാധികളില്‍ തീരുമാനമെടുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യസഭയില്‍ നിലപാട് വ്യക്തമാക്കിയേക്കും.
അതിനിടെ റിപ്പബ്ലിക് ദിനത്തിലെ വലിയ കര്‍ഷക പ്രതിഷേധത്തിനും സംഘര്‍ഷത്തിനും ശേഷം രാജ്യം മറ്റൊരു വലിയ പ്രതിഷേധത്തിന് വേദിയാകുകയാണ്. ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ദേശീയ, സംസ്ഥാന പാതകള്‍ 3 മണിക്കൂര്‍ ഉപരോധിക്കാനാണ് കര്‍ഷക സംഘടനകളുടെ ആഹ്വാനം. ഉച്ചക്ക് 12 മുതല്‍ 3 മണി വരെയാണ് ഉപരോധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഭാരത് ബന്ദല്ല പകരം റോഡ് ഉപരോധത്തിന് മാത്രമാണ് ആഹ്വാനമെന്നും ഒരു രീതിയിലും സംയമനം കൈവിടരുതെന്നും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.