ബംഗളൂരുവിലും നാളെ വ്രതാരംഭം; പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തണമെന്ന് മഅ്ദനി
വിശുദ്ധ റമദാന്റെ ഒന്നാം രാവിനെ ഓർമിപ്പിച്ച് പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്ന് മഅ്ദനി അഭ്യർത്ഥിച്ചു. നിലവിൽ ബംഗളൂരു സ്ഫോടനക്കേസിൽ കുറ്റാരോപിതനായി വിചാരണ നേരിടുന്ന മഅ്ദനി ബംഗളൂരുവിലാണ് താമസം.
ബംഗളൂരു: ബംഗളൂരുവിലും നാളെ വ്രതാരംഭം. മാസപ്പിറവി കണ്ടതിനെ തുടർന്നാണ് ഞായറാഴ്ച്ച മുതൽ വിശ്വാസികൾ വ്രതമാരംഭിക്കുന്നത്. കേരളത്തിൽ മലപ്പുറം ജില്ലയിലെ ചെട്ടിപ്പടിയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ഞായര്‍) റമളാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.
അതേസമയം വിശുദ്ധ റമദാന്റെ ഒന്നാം രാവിനെ ഓർമിപ്പിച്ച് പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്ന് മഅ്ദനി അഭ്യർത്ഥിച്ചു. നിലവിൽ ബംഗളൂരു സ്ഫോടനക്കേസിൽ കുറ്റാരോപിതനായി വിചാരണ നേരിടുന്ന മഅ്ദനി ബംഗളൂരുവിലാണ് താമസം.
ഇന്ന് വിശുദ്ധ റമദാൻ ഒന്നാം രാവ്. ബംഗളൂരുവിലും നാളെ പ്രഭാതത്തോടെ നോമ്പ് ആരംഭിക്കുകയാണ്. കാരുണ്യവാനായ നാഥങ്കൽ നിന്നുള്ള അനുഗ്രഹങ്ങൾ ആവോളം പെയ്തിറങ്ങുന്ന ഈ പുണ്യമാസത്തിൽ പരമാവധി സൽകർമങ്ങൾ അനുഷ്ഠിക്കുവാനും ദാനധർമങ്ങൾ ചെയ്യുവാനും വിശുദ്ധ ഖുർആന്റെ പഠന-പാരായണങ്ങളിൽ ഏർപ്പെടുവാനുമുള്ള ഉറച്ച തീരുമാനം നമുക്ക് എടുക്കാമെന്ന് മഅ്ദനി പറഞ്ഞു.
അല്ലാഹുവിന് ഇഷ്ടപ്പെടാത്ത ഒരു വാക്കുപോലും നമ്മിൽ നിന്നും വന്നു പോകാതെ നമുക്ക് സൂക്ഷിക്കാം. നമ്മുടെ ഓരോരുത്തരുടേയും എല്ലാ നന്മകൾക് വേണ്ടിയും ഭൂമിയിലെ മുഴുവൻ മർദ്ദിതരുടെയും രക്ഷക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. എന്റെ എല്ലാ സഹോദരങ്ങളോടും ഞാൻ വിനയപൂർവ്വം വസ്വിയ്യത് ചെയ്യുന്നു. പാതിരാത്രികളിലും നോമ്പ് തുറക്കുന്ന സമയത്തും ഉൾപ്പടെയുള്ള നിങ്ങളുടെ മുഴുവൻ പ്രാർത്ഥനകളിലും എന്നെക്കൂടി ഉൾപ്പെടുത്തണം, മഅ്ദനി പറഞ്ഞു.
വിചാരണ പൂർത്തിയാക്കാതെ ഭരണകൂട താത്പര്യത്തിനൊത്തു മനപൂർവം നീട്ടിക്കൊണ്ടു പൊയ്കൊണ്ടിരിക്കുന്ന കേസിൽ എല്ലാ കുതന്ത്രങ്ങളെയും അതിജീവിച്ച് നടപടികൾ പൂർത്തിയായി നിരപരാധിത്വം വ്യക്തമാക്കപ്പെടാനും കിഡ്നിയുടെ അസുഖം ഉൾപ്പടെയുള്ള എല്ലാ രോഗങ്ങളും മാറിക്കിട്ടുവാനും സർവോപരി അന്ത്യം നന്നായി, കലിമത്തുതൗഹീദ് ഉച്ചരിച്ചു പുഞ്ചിരിയോടെ നാഥങ്കലേക്കു യാത്രയാകാനുള്ള ഭാഗ്യത്തിനുവേണ്ടിയും നിങ്ങൾ ദുആ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.