പഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
കടുത്ത സൈനികനടപടികളിലൂടെ ഇല്ലാതാക്കിയ ഖലിസ്താന്‍ പ്രസ്താനം വീണ്ടും പഞ്ചാബില്‍ പച്ചപിടിക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.
അമൃത്‌സര്‍: പഞ്ചാബില്‍ പോലിസ് സേനക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപോര്‍ട്ട്. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഗ്രനേഡും മറ്റു ഉപയോഗിച്ചുള്ള അഞ്ച് ആക്രമണങ്ങളാണ് നടന്നിരിക്കുന്നത്. അക്രമികള്‍ എറിഞ്ഞ ചില ഗ്രനേഡുകള്‍ പൊട്ടാത്തതിനാല്‍ ആള്‍ നാശവും സ്വത്തുനാശവുമുണ്ടായില്ല. ബട്ടാലയിലെ ഗാനിയ കെ ബംഗാര്‍ പോലിസ് സ്‌റ്റേഷനില്‍ നടന്ന ആക്രമണമാണ് ഏറ്റവും അവസാന സംഭവം. ബൈക്കില്‍ എത്തിയ രണ്ടു പേരാണ് ഗ്രനേഡ് എറിഞ്ഞതെന്ന് എസ്പി സുഹൈല്‍ കാസിം മിര്‍ പറഞ്ഞു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലിസിന് ഇതുവരെ മനസിലാക്കാന്‍ സാധിച്ചിട്ടില്ല.
അതേസമയം, നവംബര്‍ 23ന് അജ്‌നാല പോലിസ് സ്‌റ്റേഷന് സമീപം സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച രണ്ടു പേരെ വെള്ളിയാഴ്ച പോലിസ് അറസ്റ്റ് ചെയ്തു. ജഷന്‍ദീപ് സിങ് എന്നയാളെയും പ്രായപൂര്‍ത്തിയാവാത്ത ഒരു ആണ്‍കുട്ടിയെയുമാണ് പിടികൂടിയിരുക്കുന്നത്. ഖലിസ്താന്‍ രാജ്യം ആഗ്രഹിക്കുന്ന ബബ്ബര്‍ ഖല്‍സ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇവരെന്ന് പോലിസ് പറയുന്നു.
ഡിസംബര്‍ നാലിന് മജിത പോലിസ് സ്‌റ്റേഷന് അകത്ത് സ്‌ഫോടനം നടന്നിരുന്നു. ഗ്രനേഡ് എറിഞ്ഞുണ്ടായ സ്‌ഫോടനമായിരുന്നു ഇത്. നവംബര്‍ 29ന് അമൃത്‌സറിലെ ഗുര്‍ഭക്ഷ് നഗറിലെ പോലിസ് ചെക്ക്‌പോസ്റ്റിലും സ്‌ഫോടനം നടന്നു. നവന്‍ഷഹറിലെ അന്‍സരോ പോലിസ് പോസ്റ്റിന് നേരെ ഡിസംബര്‍ രണ്ടിന് ചിലര്‍ ഗ്രനേഡ് എറിഞ്ഞു. ഇത്തത്തില്‍ പലതരം ആക്രമണങ്ങളാണ് കഴിഞ്ഞ കുറച്ചുകാലമായി പഞ്ചാബില്‍ നടക്കുന്നത്.
തരന്‍തരാനിലെ സര്‍ഹാലി പോലിസ് സ്‌റ്റേഷന് നേരെ 2022 ഡിസംബറില്‍ റോക്കറ്റാക്രമണം നടന്നിരുന്നു. മൊഹാലിയിലെ പോലിസ് രഹസ്യാന്വേഷണ ആസ്ഥാനത്തിന് നേരെയും റോക്കറ്റാക്രമണം നടന്നു. അതിന് അല്‍പ്പം മുമ്പ് നവന്‍ഷഹറിലെ രഹസ്യാന്വേഷണ ഏജന്‍സിക്കു നേരെയും ഗ്രനേഡ് ആക്രമണം നടന്നു. കടുത്ത സൈനികനടപടികളിലൂടെ ഇല്ലാതാക്കിയ ഖലിസ്താന്‍ പ്രസ്താനം വീണ്ടും പഞ്ചാബില്‍ പച്ചപിടിക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.