കണ്‍സഷനെച്ചൊല്ലി തര്‍ക്കത്തില്‍ അച്ഛനും മകള്‍ക്കും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം; റിപോര്‍ട്ട് തേടി മന്ത്രി
ആമച്ചല്‍ സ്വദേശി പ്രേമലനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇയാളെ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: കാട്ടാക്കടയില്‍ അച്ഛനും മകള്‍ക്കും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ റിപോര്‍ട്ട് തേടി ഗതാഗത മന്ത്രി. വിദ്യാര്‍ഥി കണ്‍സഷന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമലനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇയാളെ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്‍സഷന്‍ നല്‍കാത്തതിന്റെ കാരണം തേടിയ പ്രേമലനോട് ജിവനക്കാര്‍ കയര്‍ക്കുകയും തര്‍ക്കിച്ചപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മകള്‍ക്ക് പരിക്കേറ്റത്.
മലയന്‍കീഴ് സര്‍ക്കാര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുടെ കണ്‍സെഷന്‍ ടിക്കറ്റ് എടുക്കാനാണ് പ്രേമലന്‍ മകള്‍ക്കൊപ്പം ഡിപ്പോയില്‍ എത്തിയത്. കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമലന്‍ പറഞ്ഞു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഒരു ജീവനക്കാരന്‍ പ്രേമലനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമലനെ മര്‍ദിക്കുകയുമായിരുന്നു.
ജീവനക്കാര്‍ പ്രേമലനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മകളുടെ മുന്നിലിട്ട് ഒന്നുംചെയ്യരുതെന്ന് ചിലര്‍ പറഞ്ഞിട്ടും ഇതൊന്നും കേള്‍ക്കാതെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രേമലനെ മര്‍ദിക്കുകയായിരുന്നു. അതിനിടെ, ജീവനക്കാര്‍ തന്നെയും മര്‍ദിച്ചെന്നാണ് മകളുടെ ആരോപണം. അച്ഛനെ തല്ലിയ ജീവനക്കാരെ മകള്‍ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.