കോഴിക്കോട്: കോഴിക്കോട്ട് വൈദ്യരങ്ങാടിയില്‍ പിതാവും മകളും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ വിമാനത്താവളം റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(കമ്മ്യൂണിക്കേഷന്‍) ആയിരുന്ന പുല്ലുംകുന്ന് റോഡിനു സമീപം ഒയാസിസില്‍ ആവത്താന്‍ വീട്ടില്‍ പീതാംബരന്‍(61), മകള്‍ ശാരിക(31) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കു പീതാംബരന്റെ ഭാര്യ പ്രഭാവതി മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ മകളെ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഭര്‍ത്താവിനോടു പറയാന്‍ വേണ്ടി സമീപത്തെ കിടപ്പുമുറിയിലേക്കു പോയപ്പോള്‍ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. ബഹളം വച്ചതോടെ അയല്‍വാസികളെത്തി വാതില്‍ ചവിട്ടി തുറന്നപ്പോള്‍ പീതാംബരനെയും ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശാരിക വര്‍ഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിനു ചികില്‍സ തേടിയിരുന്നതായി പോലിസ് പറഞ്ഞു. ശാരികയുടെ ആത്മഹത്യ കുറിപ്പ് പോലിസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. മറ്റൊരു മകന്‍ പ്രജിത്ത് (ഐടി എന്‍ജിനീയര്‍, ബെംഗളൂരു). മരുമകള്‍: ശ്രുതി(ഐടി എന്‍ജിനീയര്‍ ബെംഗളൂരു).
Father and daughter hanged at home in Kozhikode