ഫാത്തിമയുടെ ദൂരൂഹ മരണം: സുദര്‍ശന്‍ പത്മനാഭനെ ഇന്ന് ചോദ്യം ചെയ്‌തേക്കും
അതേസമയം, ഫാത്തിമ മരണപ്പെട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഐ ഐടി അധികൃതര്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കാത്തതിനെതിരേ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്
ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമാ ലത്തീഫിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. സുദര്‍ശന്‍ പത്മനാഭനെ കമ്മീഷണര്‍ ഓഫിസിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിലെടുത്തേക്കുമെന്നാണു സൂചന. മാത്രമല്ല, കാംപസിലെത്തി വീണ്ടും തെളിവെടുക്കുകയും ചെയ്യും.
ഫാത്തിമാ ലത്തീഫിന്റെ സഹപാഠികളില്‍ നിന്നുള്‍പ്പെടെ കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കെതിരേ മൊഴി നല്‍കിയിട്ടില്ലെന്നാണു വിവരം. എന്നാല്‍, ഫാത്തിമയുടെ കുടുംബം ഉന്നയിച്ച സംശയങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സമയം സരയൂ ഹോസ്റ്റിലുണ്ടായിരുന്ന വിദ്യാര്‍ഥികളില്‍നിന്നും വിശദമായി വിവരങ്ങള്‍ ശേഖരിക്കും. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം കാംപസിലെത്തി പരിശോധന നടത്തിയിരുന്നു.അതേസമയം, ഫാത്തിമ മരണപ്പെട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഐ ഐടി അധികൃതര്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കാത്തതിനെതിരേ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഡയറക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നു. വിഷയത്തില്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് ഐഐടി വിദ്യാര്‍ഥികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ചിന്താബാര്‍ മുന്നറിയിപ്പ് നല്‍കി.